Jun 8, 2022

മറന്നുവെച്ച ഫോൺ എടുക്കുവാൻ തിരിച്ചെത്തി: വീട്ടിൽ ഒളിച്ചിരുന്ന കള്ളൻ പിടിയിലായി


മൂന്നാർ: യാത്രപോയ ശേഷം മറന്ന് വച്ച ഫോൺ എടുക്കാൻ വീട്ടുകാർ തിരിച്ചെത്തിയതോടെ പിടിയിലായത് കള്ളൻ. വീട്ടിൽ മോഷ്ടിക്കാൻ കയറിയ ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈ (38) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.സൈലന്റ് വാലി റോഡിൽ സർക്കാർ മദ്യശാലയ്ക്കുസമീപം ആറുമുറി ലയത്തിൽ രത്തിനാ സൗണ്ട്സ് ഉടമ മോഹനന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മോഹനനും കുടുംബവും വീടുപൂട്ടി ഉദുമൽപേട്ടയ്ക്ക് പോയി. വാഗുവാര എത്തിയപ്പോഴാണ് മൊബൈൽ ഫോൺ മറന്നകാര്യം മനസ്സിലായത്. ശേഷം ഫോൺ എടുക്കാനായി ഇവർ വീട്ടിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതായും മുറികളിൽ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതായും മകൻ രാജേഷ് കണ്ടു. ആരോ അകത്തുണ്ടെന്ന് മനസ്സിലായതോടെ വാതിൽ അടച്ചശേഷം നാട്ടുകാരെയും പൊലീസിനെയും ഇവർ വിവരമറിയിച്ചു.

 പരിശോധനയിലാണ് സീലിങ്ങിനുള്ളിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. മദ്യശാലയ്ക്ക് സമീപം സംഘം ആക്രമിച്ചതിനെ തുടർന്ന് രക്ഷപെടുവാൻ വീട്ടിനുള്ളിൽ കയറിയതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
വീട്ടിൽനിന്ന്‌ ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. മൂന്നാർ എസ് ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only