കൽപ്പറ്റയിൽ ദേശാഭിമാനിയുടെ ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറ്. കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെയാണ് കല്ലേറ് ഉണ്ടായത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കോൺഗ്രസ് കനത്ത പ്രതിഷേധമാണ് നടത്തുന്നത്. കോട്ടയത്ത് പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നു. പൊലീസിനു നേരെ കല്ലേറ് ഉണ്ടായി.എംപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിലേക്ക് സിപിഐഎം വിളിച്ചുവരുത്തിയിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് സിപിഎം വിളിച്ചു വരുത്തിയത്. സംഭവത്തിൽ പ്രവർത്തകർക്കെതിരെ ഇന്നു തന്നെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
എംപി ഓഫീസ് ആക്രമിച്ചതിൽ കസ്റ്റഡിയിലെടുത്ത 19 എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.
പ്രതികള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓഫീസ് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഡിജിപി മനോജ് എബ്രഹാം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment