Jul 12, 2022

മഴക്കെടുതി: ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി; 19 വീടുകൾ ഭാഗികമായി തകർന്നു


ജില്ലയിൽ മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. 16 വില്ലേജുകളിലായി 19 വീടുകൾ ഭാഗികമായി തകർന്നതായും ജില്ലാ ദുരന്തനിവാരണ സെൽ അറിയിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിഞ്ഞ് മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായത്. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ അർവനേഷ് എന്ന ഷിപ്പുൾപ്പെടെ പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ തുടങ്ങിയവർ സംഭവസ്ഥലത്ത് തിരച്ചിൽ തുടരുന്നു. തിരച്ചിലിനായി അടുത്ത ദിവസം കോസ്റ്റ് ഗാർഡിന്റെ ഒരു ഹെലികോപ്ടറും, മറ്റൊരു കപ്പലും കൂടെയെത്തുമെന്നും ദുരന്തനിവാരണ സെൽ അറിയിച്ചു.

ഈങ്ങാപ്പുഴ വില്ലേജിലെ കടിവെട്ടിച്ചാൽ എന്ന സ്ഥലത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. കട്ടിപ്പാറ വില്ലേജിലെ പുത്തൻവീട്ടിൽ മനോജ്‌ കുമാറിന്റെ വീടിന് ഇന്നലെയുണ്ടായ മഴയിൽ ഭാഗികനാശനഷ്ടം സംഭവിച്ചു. ഈങ്ങാപ്പുഴ വില്ലേജ്‌- ചാലിൽ അമ്പലപ്പടി അബ്ദുർറഹ്മാൻ കുട്ടിയുടെ വീടും ഭാഗികമായി തകർന്നു.

തിനൂർ വില്ലേജിൽ തിനയൂർ ദേശത്ത് നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കാവിൽ ചാക്കോയുടെ വീട്ടുമുറ്റത്ത് വിള്ളൽ ഉണ്ടാവുകയും മുറ്റത്തോട് ചേർന്നുള്ള ചുറ്റു മതിൽ തകരുകയും ചെയ്തു. ഇനിയും വിള്ളൽ ഉണ്ടായാൽ വീട്ടിന്റെ വരാന്തയുടെ വലിയൊരു ഭാഗം തകർന്ന് വീഴാൻ സാധ്യതയുള്ളതിനാൽ വീട്ടുകാരെ അടുത്തുള്ള ബന്ധു വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു. ചെങ്ങോട്ടുകാവ് വില്ലേജിൽ എടക്കുളം പറമ്പിൽ ഹൗസിൽ ഷാജിയുടെ വീടിനു മുകളിൽ തെങ്ങു  വീണു ഭാഗിക മായി നാശനഷ്ടം സംഭവിച്ചു

കഴിഞ്ഞ ദിവസം ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് താലൂക്ക് മാവൂർ വില്ലേജിലെ മൊടനാരി ഷാജു (43) വാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്.

വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only