Jul 20, 2022

കയറും മുമ്പേ മുന്നോട്ടെടുത്തു; ബസിൽനിന്ന് വീണ വിദ്യാര്‍ഥിക്ക് ​ഗുരുതര പരിക്ക്


മലപ്പുറം: കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനാല്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മി (17)ക്കാണ് പരുക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 4.30ന് തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളിന് മുമ്പിലെ സ്റ്റോപ്പിലാണ് സംഭവം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹംബി എന്ന ബസിലാണ് അപകടം.

സംഭവത്തില്‍ ഉടൻ തന്നെ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെ‌ടുത്തു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയാണ് കര്‍ശന നടപടിയെടുത്തത്. അപകടം നടന്ന ഉടന്‍ തന്നെ തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ. എം പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം  എംവിഐ എം കെ പ്രമോദ് ശങ്കര്‍, എഎംവിഐമാരായ ടി മുസ്തജാബ്, എസ്ജി ജെസി എന്നിവരുടെ നേതൃത്വത്തില്‍ അപകടസ്ഥലം സന്ദര്‍ശിക്കുകയും ബസ് പരിശോധിക്കുകയും നടപ‌‌ടി‌യെടുക്കുകയും ചെയ്തു.

ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും പെര്‍മിറ്റിലെ റൂട്ട് ശരിയാണോ എന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only