മുക്കം: കനത്ത മഴയിൽ റോഡരിക് കോൺക്രീറ്റ് ചെയ്യാനുള്ള കരാർ കമ്പനിയുടെ ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥക്ക് വഴിവെച്ചു. കാരമൂല ജങ്ഷൻ - തേക്കുംകുറ്റി റോഡിലെ ഗേറ്റുംപടി ഭാഗത്തെ പ്രവൃത്തിയാണ് പ്രതിഷേധത്തിലും കൈയാങ്കളിയിലും കലാശിച്ചത്.
ശക്തമായ മഴയും വെള്ളക്കെട്ടും ഉള്ള സമയത്താണ് നാഥ് കൺസ്ട്രക്ഷൻ കമ്പനിയുടെ തൊഴിലാളികൾ റോഡിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. നാട്ടുകാർ രാവിലെ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അൽപനേരം നിർത്തിവെച്ച് പ്രവൃത്തി വീണ്ടും തുടങ്ങുകയായിരുന്നു.
ഇതിനിടെ ആദ്യം കോൺക്രീറ്റ് ചെയ്ത ഭാഗം മഴയിൽ ഒലിച്ചുപോയി. എങ്കിലും വീണ്ടും പ്രവൃത്തിയുമായി മുന്നോട്ടുപോവുകയായിരുന്നു. മഴ കഴിഞ്ഞിട്ട് മതി പ്രവൃത്തിയെന്നും എങ്കിലേ റോഡ് കൂടുതൽ കാലം നിലനിൽക്കൂ എന്നു പറഞ്ഞെങ്കിലും ധിക്കാരപരമായ നടപടിയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങിയത് പ്രതിഷേധം കനത്തതോടെ കരാറുകാർ പ്രവൃത്തി നിർത്തിവച്ചു.
Post a Comment