മുംബൈ: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. മുംബൈയിലെ സബർബൻ മുലുന്തിലുള്ള ഫ്ലാറ്റിലാണ് സംഭവം. പ്രതിയായ 21 കാരൻ ജയേഷ് പാഞ്ചൽ പിന്നീട് മുലുന്ത് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിനുമുന്നിൽ ചാടി മരിക്കാൻ ശ്രമിച്ചു. ഉടനടി റെയിൽവേ പൊലീസ് ഇടപെട്ട് ആത്മഹത്യശ്രമം പരാജയപ്പെടുത്തി.
ജയേഷിന്റെ അയൽവാസികൾ ഇവരുടെ വീടിനുമുന്നിൽ രക്തക്കറ കണ്ട് പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ജയേഷിന്റെ മാതാവ് ചയ്യ പാഞ്ചൽ (46) രക്തംവാർന്ന് മരിച്ച നിലയിലായിരുന്നു. സംഭവസ്ഥലത്തു നിന്ന് ഗുജറാത്തിയിലുള്ള കുറിപ്പും കത്തിയും ലഭിച്ചു
തുടർന്ന് പൊലീസ് ഇവരുടെ ഭർത്താവിനെ വിളിച്ചു വരുത്തി. അദ്ദേഹം കുറിപ്പ് തർജമ ചെയ്തു. തന്റെ മകനാണ് കൃത്യം ചെയ്തതെന്നും സ്വത്ത് തർക്കമാണ് വിഷയമെന്നും കുറിപ്പിൽ സൂചിപ്പിച്ചതായി അദ്ദേഹം പൊലീസിനോട് പറഞ്ഞു.
പ്രതിയായ ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
Post a Comment