Aug 16, 2022

നാടിന് അക്ഷരവെളിച്ചം പകർന്ന മഞ്ചറ അബു മാസ്റ്ററുടെ പേരിലുള്ള റോഡ് നാടിന് സമർപ്പിച്ചു


മുക്കം: കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ സ്ഥാപനം മുതൽ ദീർഘകാലം പ്രധാനാധ്യാപകനായി കക്കാട് ഗ്രാമത്തിനും പരിസരപ്രദേശങ്ങളിലുള്ളവർക്കും അക്ഷരവെളിച്ചം പകർന്ന മഞ്ചറ അബു മാസ്റ്ററുടെ പേരിലുള്ള റോഡ് നാടിന് സമർപ്പിച്ചു. കണ്ടോളിപ്പാറ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കോൺഗ്രീറ്റ് റോഡ് യാഥാർത്ഥ്യമാക്കിയത്. ജി.എൽ.പി സ്‌കൂളിനായി ലോകോത്തര നിലവാരത്തിൽ ഉയരാനിരിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ സ്ഥലത്തോട് ചേർന്ന് അബു മാസ്റ്ററുടെ വീട്ടിലേക്കുള്ള പഴയ നടപ്പാതയിൽ കണ്ടോളിപ്പാറക്കു മുകളിലേക്കാണ് റോഡ് തുറന്നത്.
 
റോഡിന്റെ നാമകരണം കക്കാട് ജി.എൽ.പി സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ് നിർവഹിച്ചു. ചടങ്ങ് നാട്ടിലെ കാരണവരും മുക്കത്തെ മുതിർന്ന വ്യാപാരികളിൽ ഒരാളുമായ ടി.പി.സി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. റോഡിലെ വൈദ്യുതി സ്ട്രീറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന നിർവഹിച്ചു.
 കക്കാട് കുന്നത്തുപറമ്പ് ജുമുഅത്ത് പള്ളി കമ്മിറ്റി ജനറൽസെക്രട്ടറി മണ്ണിൽ ഇസ്്മാലുട്ടി മാസ്റ്റർ, കക്കാട് മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റി ജനറൽസെക്രട്ടറി സി.കെ ഉമ്മർ സുല്ലമി, കക്കാട് ഗവ. എൽ.പി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ കെ.സി റിയാസ്, മുൻ വാർഡ് മെമ്പറും പ്രാദേശിക ചരിത്രകാരനുമായ ജി അബ്ദുൽഅക്ബർ പ്രസംഗിച്ചു.
 അബു മാസ്റ്ററുടെ ശിഷ്യനും സഹപ്രവർത്തകനുമായി പ്രവർത്തിച്ച ടി അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. എം.ടി അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർമാണപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകിയ എം.ടി ഹാസിർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും അബു മാസ്റ്ററുടെ മകനും എൻജിനീയറുമായ എം അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജനമനസ്സിൽ അബു മാസ്റ്റർക്കുള്ള സ്വാധീനം വിളിച്ചറിയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയ ജനക്കൂട്ടം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only