തൃപ്രയാർ: യുവാവിന്റെ വെട്ടേറ്റ് ഭാര്യയ്ക്കും ഭാര്യാപിതാവിനും ഗുരുതരപരിക്ക്. തളിക്കുളം നമ്പിക്കടവ് ദിക്ർ പള്ളിക്ക് സമീപം അരവശ്ശേരി അഷിത (27), അഷിതയുടെ പിതാവ് നൂറുദീൻ (55) എന്നിവരെയാണ് അഷിതയുടെ ഭർത്താവ് മംഗലത്തറവീട്ടിൽ ആസിഫ് (35) വെട്ടിപ്പരിക്കേൽപ്പിച്ചത്. രണ്ടുപേരെയും തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഷിതയ്ക്ക് പതിനെട്ടുദിവസം പ്രായമായ കുഞ്ഞുണ്ട്. ഇവരുടെ കൈയിൽ സാരമായി വെട്ടേറ്റിട്ടുണ്ട്. നൂറുദ്ദീന് തലയിലാണ് വെട്ടേറ്റത്.
ശനിയാഴ്ച വൈകീട്ട് ആറേമുക്കാലിനായിരുന്നു സംഭവം. മാതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാൻ മാതാവും മാതാവിന്റെ സഹോദരിയുമൊത്താണ് ആസിഫ് നൂറുദ്ദീന്റെ വീട്ടിലെത്തിയത്. കൂടെയുണ്ടായിരുന്നവർ പോകാനായി പുറത്തിറങ്ങിയപ്പോൾ മുറിയിൽ കയറിയ ഇയാൾ വാതിലടച്ച് അഷിതയെ വെട്ടുകയായിരുന്നു.
ബഹളംകേട്ട് വാതിൽ തള്ളിത്തുറന്നപ്പോഴാണ് നൂറുദീന് വെട്ടേറ്റത്. കൈയിൽ കരുതിയിരുന്ന ബാഗിൽ കൊണ്ടുവന്ന വാൾ ഉപയോഗിച്ചാണ് വെട്ടിയത്. അക്രമത്തിനുശേഷം ആസിഫ് ഓടി രക്ഷപ്പെട്ടു.
മുൻപും ആസിഫ് ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. കാട്ടൂർ സ്വദേശിയായ ആസിഫിന്റെ കുടുംബം ഇപ്പോൾ മാളയിലാണ് താമസം. ആസിഫിനുവേണ്ടി വലപ്പാട് പോലീസ് തിരച്ചിലാരംഭിച്ചു.
Post a Comment