Aug 4, 2022

തിരുവമ്പാടിയിൽ വിശ്രമകേന്ദ്രം ഉയരുന്നു


തിരുവമ്പാടി : ബസ് സ്റ്റാൻഡിൽ ആധുനികസൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം യാഥാർഥ്യമാകുന്നു. ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് ഗ്രാമപ്പഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം അടുത്തമാസത്തോടെ പൂർത്തിയാകും. താഴത്തെനിലയുടെ പണി പൂർത്തിയായിക്കഴിഞ്ഞു.

ഒന്നാംനിലയുടെ നിർമാണം പുരോഗമിക്കുന്നു. യാത്രക്കാർക്കായി വിശ്രമകേന്ദ്രം, പൊതുശൗചാലയം, കോഫിഹൗസ് എന്നിവയടങ്ങിയതാണ് താഴത്തെനില. ശുചിത്വമിഷൻ ഫണ്ടായ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് വിശ്രമകേന്ദ്രമൊരുക്കുന്നത്.

മിനുക്കുപണികൾക്ക് മറ്റു ഫണ്ട് കണ്ടത്തേണ്ടിവരുമെന്നും അടുത്തമാസംതന്നെ ഉദ്ഘാടനംചെയ്യാനാകുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പറഞ്ഞു.

കാലപ്പഴക്കമുള്ള കെട്ടിടത്തിൽ വൃത്തിഹീനമായ സ്ഥിതിയിലാണ് നിലവിലെ ശൗചാലയം പ്രവർത്തിക്കുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കാൻ യാത്രക്കാർ അറയ്ക്കുന്ന അവസ്ഥ. ഈ ഭാഗം പൊളിച്ചുമാറ്റി പുതിയ റൂം പണിയാൻ പദ്ധതിയുണ്ട്. ഇവിടെ മൂലയൂട്ടൽ കേന്ദ്രമൊരുക്കും. പ്രവർത്തനം നിലച്ചുകിടക്കുന്ന പോലീസ് എയ്ഡ്പോസ്റ്റ് പുനഃസ്ഥാപിക്കും.

കെ.എസ്.ആർ.ടി.സി. ഇൻഫർമേഷൻ സെന്റർ പ്രവർത്തിച്ചിരുന്ന ചെറിയകെട്ടിടം പൊളിച്ചുമാറ്റിയാണ് വിശ്രമകേന്ദ്രം പണിയുന്നത്. സമീപത്തെ പഞ്ചായത്ത് ലൈബ്രറിയുടെ വായനമുറിയിലാണ് നിലവിൽ കെ.എസ്.ആർ.ടി.സി. ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്.

ലൈബ്രറി തത്കാലം മുകൾനിലയിലേക്ക് മാറ്റിയിരിക്കുകയാണ്. ലൈബ്രറിയുടെ സുഗമമായ പ്രവർത്തനത്തിന് ഇൻഫർമേഷൻ സെന്ററിന് പുതിയ ഇടം കണ്ടെത്തേണ്ടതുണ്ട്.

തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ അനുവദിച്ചെങ്കിലും നിർമാണം വൈകുകയാണ്. ഒരുകിലോമീറ്റർ അകലെ കറ്റിയാടാണ് ഡിപ്പോ വരുന്നത്. പുതിയ വിശ്രമകേന്ദ്രം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. കുടിയേറ്റ മേഖലയായതിനാൽ മധ്യകേരളത്തിലേക്കും തെക്കൻജില്ലകളിലേക്കും നിത്യേന ദീർഘദൂരയാത്രക്കാർ ഏറെയാണ്. ശൗചാലയത്തിനും ബസ് കാത്തിരിപ്പിനുമെല്ലാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരമാകുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only