Aug 21, 2022

രാത്രിയിൽ നഗ്നനായി എത്തി മോഷണം നട‌ത്തുന്ന കള്ളൻ; തമിഴ്നാട് സ്വദേശി 'വാട്ടർ മീറ്റർ കബീർ' പിടിയിൽ


കണ്ണൂർ: കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ഗൂഡല്ലൂർ നെലാക്കോട്ട് സ്വദേശി അബ്ദുൾ കബീർ ( 56 ) എന്ന 'വാട്ടർ മീറ്റർ കബീർ' കണ്ണൂർ ടൗൺ പൊലീസ് പിടിയിലായത്. നഗ്നനായി നടന്ന് മോഷണം നടത്തുന്ന കബീർ നാട്ടുകാർക്കും പൊലീസിനും ഒരുപോലെ തലവേദനയായിരുന്നു.

ഈ അടുത്ത ദിവസങ്ങളിലായി ഇയാൾ‌ കണ്ണൂർ ടൗൺ, താവക്കര, മേലെ ചൊവ്വ തുടങ്ങിയ പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ നഗ്നനായി എത്തി മോഷണം നടത്തിയിരുന്നു. വിവിധ പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് അന്വേഷിച്ച് വരികയായിരുന്നു.

വിവിധ ജില്ലകളിലായി നിരവധി മോഷണ കേസിൽ പ്രതിയാണ് വാട്ടർ മീറ്റർ കബീർ എന്ന് അറിയപ്പെടുന്ന അബ്ദുൾ കബീർ. ഇന്നലെ കണ്ണൂർ നഗരത്തിൽ മോഷണം നടത്താൻ കോഴിക്കോട് നിന്ന് വരുന്ന വഴിക്കാണ് ഇയാൾ പിടിയിലാവുന്നത്. നഗ്നനായി മോഷണം നടത്തുന്നതാണ് പ്രതിയുടെ സ്ഥിരം സ്വഭാവം.

കണ്ണൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മോലെ ചൊവ്വ, താഴെചൊവ്വ ഭാഗങ്ങളിലും പ്രതി മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ  11 മോഷണ കേസുകളുണ്ട്. കണ്ണൂർ പഴയ ബസ്റ്റാന്റിൽ വച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ പി എ ബിനു മോഹൻ, എ എസ് ഐ രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, DANSAF ടീം അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു, രാഹുൽ, രജിൽ, അനൂപ് എന്നിവർ ചേർന്നാണ്  പിടികൂടിയത്. പ്രതിയെ മോഷണം നടത്തിയ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only