താമരശ്ശേരി: ഓമശ്ശേരി പഞ്ചായത്തിലെ കണ്ണങ്കോട് മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കണ്ണങ്കോട് മല സംരക്ഷണ സമിതി ഭാരവാഹികള്‍ താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വന്‍തോതിലുള്ള ഖനനം പ്രദേശത്തെ മുന്നോറോളം കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇവിടെ നിന്ന് മാറി താമസിക്കാന്‍ നിര്‍ദേശിക്കുന്ന അധികൃതര്‍ ഖനനത്തിന് അനുമതി നല്‍കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഓമശ്ശേരി പഞ്ചായത്തിലെ 5, 17 വാര്‍ഡുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയാവുന്ന രീതിയിലാണ് കണ്ണങ്കോട് മലയില്‍ ചെങ്കല്‍ ഖനനം നടക്കുന്നത്. അഞ്ച് ഏക്കര്‍ സ്ഥലത്ത് വന്‍ തോതില്‍ ഖനനം നടത്തുന്നതിനാല്‍ ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും നാട്ടുകാരുടെ പരാതികള്‍ അധികൃതര്‍ അവഗണിക്കുകയാണെന്നും കണ്ണങ്കോട് മല സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
മഴ കനത്താല്‍ കണ്ണന്‍കോട് മലക്ക് ചുറ്റുമുള്ള മങ്ങാട്, കാട്ടുമുണ്ട, അമ്പലത്തിങ്ങല്‍, നായാട്ടുപാറ, കായലുംപാറ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരക്കാര്‍ ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നത്. കര്‍ഷകരും കൂലിപ്പണിക്കാരുമായ കുടുംബങ്ങള്‍ സ്‌കൂളുകളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറിയാല്‍ ജീവിതം വഴിമുട്ടുമെന്നും പ്രശ്ന പരിഹാരത്തിന് അടിയന്തിര ഇടപെടല്‍ ആവശ്യാണെന്നും ഇവര്‍ പറയുന്നു.
ഗ്രാമപഞ്ചായത്ത് അധികൃതരോ വാര്‍ഡ് മെമ്പര്‍മാരോ നാട്ടുകാരുടെ പ്രശ്നം മനസ്സിലാക്കാന്‍ പോലും തയ്യാറാവുന്നില്ല. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തും.
പരിഹാരം ഉണ്ടായില്ലെന്നും കലക്ട്രേറ്റില്‍ സമരം നടത്തുമെന്നും കോടതിയെ സമീപിക്കാന്‍ ആലോചനയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വിപിന്‍ അബ്രഹാം, കെ ബൈജു, ശ്രീജ അയ്യപ്പന്‍, കെ കെ ശ്രീജിത്ത്, മോളി അബ്രഹാം എന്നിവര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment