Sep 25, 2022

മുഖ്യമന്ത്രിയെ കാണണം; 16കാരൻ വീട്ടിൽ നിന്നും ഒളിച്ചോടി; 10 മണിക്കൂർ യാത്ര; ഒടുവിൽ


വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി നടത്തിയത് അക്ഷരാർത്ഥത്തിൽ സാഹസിക യാത്രയാണ് .ഇന്നലെ രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറിയ കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദൻ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു.

സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നൽകിയ പൊലീസ് കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു .പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്ക് പൊലീസിന്റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാൻ ആണ് വന്നത് എന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു . വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാർത്ഥിയെ സ്നേഹത്തോടെ ഉപദേശിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിർദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി . ദേവനന്ദൻ ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായതോടെ യാത്രയുടെ ഉദ്ദേശം സഫലീകരിച്ച സന്തോഷത്തിലാണ് ദേവനന്ദൻ , ആവള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ്‌ വിദ്യാർത്ഥിയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only