എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ സഹായിച്ച വനിതാ നേതാവ് കോണ്‍ഗ്രസുകാരി അല്ല. യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പിയുടെ പ്രാദേശിക നേതാവാണ് ആറ്റിപ്ര സ്വദേശിനിയായ ഈ യുവതിയെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. കഴിഞ്ഞ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വ്യക്തി കൂടിയാണ് യുവതി.
ജിതിന്‍ എകെജി സെന്റര്‍ ആക്രമിക്കാന്‍ പോകുന്ന കാര്യം യുവതിക്ക് അറിയാമായിരുന്നു. ആക്രമണത്തില്‍ നിന്ന് ജിതിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജിതിന്‍ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. ഈ വനിതാ നേതാവ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ശേഷം പ്രതിയാക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ആക്രമണത്തിനായി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തിച്ചത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂട്ടര്‍ എത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്. ഗൗരീശപട്ടത്ത് കാറില്‍ കാത്തിരുന്ന ജിതിന് ഒരു യുവതി എത്തി സ്‌കൂട്ടര്‍ കൈമാറി. എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ ശേഷം തിരിച്ചെത്തി ഈ സ്‌കൂട്ടര്‍ ജിതിന്‍ യുവതിക്ക് തന്നെ കൈമാറി. ശേഷം യുവതി ഈ സ്‌കൂട്ടര്‍ തിരികെ ഓടിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം അറിയിച്ചത്.
അതേസമയം, ക്രൈബ്രാഞ്ച് കസ്റ്റഡിയിലുള്ള ജിതിനുമായി എകെജി സെന്ററില്‍ തെളിവെടുപ്പ് നടത്തും. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ഇന്നും നാളെയുമായി രഹസ്യമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് ശ്രമം.
Post a Comment