മധുര: ഹോസ്റ്റലിൽ തനിക്കൊപ്പമുള്ള സഹവാസികളുടെ ചിത്രം എടുത്ത് പ്രചരിപ്പിച്ച പെൺകുട്ടിയും ഡോക്ടറായ കാമുകനും അറസ്റ്റിൽ.
മധുരയിലെ കാമുകിയുടെ ഹോസ്റ്റൽ സുഹൃത്തുക്കളുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് ഷെയർ ചെയ്തതിന് ഡോക്ടറെയും കാമുകിയെയും മധുര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
രാമനാഥപുരം കമുദിയിലെ ഡോക്ടർ ആഷിഖ്, മധുരയിലെ ബാച്ചിലർ ഓഫ് എഡ്യുക്കേഷൻ (ബി.എഡ്) വിദ്യാർത്ഥിനിയായ കാമുകി ജനനി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഹോസ്റ്റൽ മേറ്റ്‌സ് വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും ചിത്രങ്ങളും വീഡിയോയും എടുത്ത് ആഷിഖിന് വാട്‌സാപ്പ് വഴി അയച്ചുകൊടുത്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടികൾ ഇത് കണ്ടെത്തിയതാണ് പുറംലോകമറിയാൻ കാരണം. അവർ തങ്ങളുടെ ഹോസ്റ്റൽ വാർഡനെ വിവരമറിയിക്കുകയും മധുര അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
പിന്നീട് പരാതി സൈബർ ക്രൈം പൊലീസിന് കൈമാറി. ആഷിഖ് നടത്തുന്ന ക്ലിനിക്കിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന ജനനിയും ആഷിഖും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജനനി സ്വന്തം വീഡിയോകളും സുഹൃത്തുക്കളുടെ വീഡിയോയും ആഷിഖിനായി പകർത്തി നൽകുകയായിരുന്നു. ജനനി വീഡിയോകൾ ഡിലീറ്റ് ചെയ്തതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് ഡാറ്റ വീണ്ടെടുക്കലിനായി ഫോറൻസിക് ലാബിലേക്ക് അയച്ചു. ആഷിഖ് ആർക്കെങ്കിലും വീഡിയോ അയച്ചോ എന്നും വ്യക്തമല്ല എന്നും പൊലീസ് പറഞ്ഞു.
Post a Comment