ഹൈദരാബാദ് :രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തലങ്ങും വിലങ്ങും സിക്സും ഫോറുമായി സൂര്യകുമാർ യാദവ് കത്തിജ്വലിച്ചപ്പോൾ ഓസീസിനെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് കിടിലൻ ജയം. ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 2–1 ന് ഇന്ത്യ സ്വന്തമാക്കി. സൂര്യകുമാർ യാദവ് (36 പന്തിൽ 69) വിരാട് കോലി (48 പന്തിൽ 63) എന്നിവരുടെ അർധസെഞ്ചറിയാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 25) മികച്ച പിന്തുണ നൽകി.
അവസാന ഓവറിൽ 11 റൺസാണ് വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി കോലി ആവേശമുയർത്തി. പക്ഷേ തൊട്ടടുത്ത പന്തിൽ ഫിഞ്ചിനു ക്യാച്ച് നൽകി കോലി മടങ്ങി. ജയിക്കാൻ പിന്നെ വേണ്ടത് നാല് പന്തിൽ അഞ്ച് റൺസ്. പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് നേരിട്ട ആദ്യ പന്തിൽ സിംഗിൾ നേടി സ്ട്രൈക് ഹാർദിക്കിന് കൈമാറി. ഇനി വേണ്ടത് 3 പന്തിൽ 4 റൺസ്. തൊട്ടടുത്ത പന്ത് ഡോട്ട് ബോളായതോടെ സമ്മർദമേറി. എന്നാൽ അഞ്ചാം പന്ത് യോർക്കർ എറിയാനുള്ള ഡാനിയൽ സാംസിന്റെ ശ്രമം പാളി പന്ത് ബൗണ്ടറി കടന്നതോടെ ഇന്ത്യയ്ക്ക് ആവേശ ജയം.
മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ കെ.എൽ.രാഹുലിന്റെ (4 പന്തിൽ 1) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നാലാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയും (14 പന്തിൽ 17) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ കോലിയും സൂര്യകുമാറും ചേർന്ന് നേടിയ സെഞ്ചറി കൂടുകെട്ടാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. 36 പന്തിൽ 5 സിക്സും 5 ഫോറും സഹിതമാണ് സൂര്യകുമാർ 69 റൺസ് അടിച്ചെടുത്തത്. 4 സിക്സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. അവസാന ഓവറിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു.
ഓസ്ട്രേലിയയ്ക്കായി ഡാനിയൽ സാംസ് രണ്ടു വിക്കറ്റും ജോഷ് ഹെയ്സൽവുഡ് പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ലോകകപ്പിനു മുൻപുള്ള പരമ്പര വിജയം ഇന്ത്യൻ ടീമിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര. ബുധനാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
Post a Comment