Sep 30, 2022

വിദ്യാർത്ഥികൾ സംരംഭകർ ; ക്യാമ്പസിൽ ഫ്രൈഡെ മാർക്കറ്റ്


കോഴിക്കോട് :   വീട്ടിൽ നിന്നും തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ ക്യാമ്പസിൽ വിൽപ്പനക്കായി എത്തിച്ച്  വിദ്യാർത്ഥികളിലെ സംരംഭകരെ പ്രോത്സാഹിക്കുന്ന ഫ്രൈഡെ മാർക്കറ്റ് ശ്രദ്ധേയമായി. എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്സ് കോളജിലെ ഇ ഡി ക്ലബിൽ അംഗങ്ങളായ വിദ്യാർത്ഥികളാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമിട്ടത്. 

ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ.  എ .പി അനു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിലെ സംരംഭകരെ വളർത്താനും ഭക്ഷ്യ വിഭവങ്ങളിലെ സുരക്ഷിതത്ത്വം ഉറപ്പ് വരുത്താനും ഫ്രൈഡെ മാർക്കറ്റ് ഉപകരിക്കുമെന്നും എ പി അനു അഭിപ്രായപ്പെട്ടു.  

ക്യാമ്പസിൽ പ്രത്യേകം  തയ്യാറാക്കിയ പവലിയനിലായിരുന്നു പൊറാട്ട - ചിക്കൻ കറി, കപ്പ - മത്സ്യക്കറി, ഉന്നക്കായ, സമൂസ, ഓംലെറ്റ് തുടങ്ങി 20 പരം വിഭവങ്ങൾ  വിൽപ്പനക്കായി ഒരുക്കിയത്. വില വിവര പട്ടികയും പ്രദർശിപ്പിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും വിഭവങ്ങളെല്ലാം തീർന്നിരുന്നു. വിദ്യാർത്ഥികളുടെ ഗാന വിരുന്നും ചടങ്ങിന് പൊലിമയേകി. 

കോളജ് പ്രിൻസിപ്പൽ പ്രൊഫ. വർഗ്ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. തൊഴിൽ കണ്ടെത്തുന്നതിലുപരി തൊഴിൽ ദാതാക്കളായി മാറാൻ ഫ്രൈഡെ മാർക്കറ്റ് പ്രചോദനമാകുമെന്നും എല്ലാ വെള്ളിയാഴ്ചകളിലും ഉച്ഛയ്ക്ക് ശേഷം ഫ്രൈഡെ മാർക്കറ്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും പ്രിൻസിപ്പൽ പ്രൊഫ.  വർഗ്ഗീസ് മാത്യൂ അറിയിച്ചു. വൈസ് പ്രിൻസിപ്പൽ -ഫാദർ ജോൺസൺ കൊച്ചു പറമ്പിൽ , അധ്യാപകരായ എം എസ് വിനി, ടി പി ശില്പ , എസ് മഹാലക്ഷമി , കെ അഞ്ജന, വിദ്യാർത്ഥി പ്രതിനിധികളായ ആര്യ അനിൽ കുമാർ , പി. ഗൗതമി എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only