മുക്കം:ഒന്നരവർഷം കഴിഞ്ഞിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് കുത്തിപ്പൊളിച്ചതും കിടങ്ങുകൾ കുഴിച്ചതും ഇതുവഴിയുള്ള ഗതാഗതം ദുരിതമാക്കുന്നു.
നാലര കിലോമീറ്ററാണ് റോഡിന്റെ ആകെ ദൂരം. തിരുവമ്പാടി എസ്റ്റേറ്റ് ജങ്ഷൻമുതൽ മണ്ടാംകടവുവരെ റീടാറിങ്ങിനായി മെറ്റലും പാറപ്പെടിയും ചേർന്ന മിശ്രിതമിട്ടിട്ടുണ്ട്. ഈ ഭാഗം നിറയെ കുഴികളായതിനാൽ ഇപ്പോൾ ബസുകൾ ഓടുന്നില്ല. വാഹനങ്ങളധികവും മറ്റുവഴികളിലൂടെ ചുറ്റിക്കറങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. ഇതുവഴിപോകുന്ന വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. കുഴികളിൽ ചാടുന്നതുമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി യാത്രക്കാരും പറയുന്നു. റോഡിലെപൊടി യാത്രക്കാർക്കും സമീപവാസികൾക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
എസ്റ്റേറ്റ് ജങ്ഷൻമുതൽ താഴെ തിരുവമ്പാടിവരെയുള്ള ഭാഗത്ത് കലുങ്കുനിർമാണത്തിന് എട്ട് കിടങ്ങുകളാണ് കുഴിച്ചിട്ടുള്ളത്. അതിനാൽ വലിയ വാഹനങ്ങൾക്ക് ഓടാൻ കഴിയില്ല. റോഡിന്റെ പകുതിയിലധികം വീതിയിൽ കിടങ്ങുകളാണ്. ബാക്കിഭാഗം കുഴിച്ചില്ലെങ്കിലും വാഹനങ്ങളുടെ അടിഭാഗം തട്ടി കേടുവരുന്ന നിലയാണ്. കിടങ്ങുകളുടെ വക്കുകൾ ഇടിഞ്ഞു തകർന്നതിനാൽ അപകടങ്ങളും പതിവാണ്. ബസ് സർവീസ് മുടങ്ങിയതോടെ വിദ്യാർഥികളക്കം യാത്രക്കാർ ഏറെദൂരം നടന്നു പോകേണ്ടസ്ഥിതിയിലാണ്. വഴിയോരങ്ങളിലെ തട്ടുകടകൾ ആളുകുറഞ്ഞതിനാൽ പൂട്ടിപ്പോയി.
നവീകരണപ്രവൃത്തി തുടങ്ങും മുൻപ് കാര്യമായി തകരാത്ത റോഡാണ് ഈ അവസ്ഥയിലായത്. നേരത്തേ പ്രതിഷേധസമരവും അധികൃതർക്ക് ഭീമഹർജി സമർപ്പിക്കലും നാട്ടുകാർ നടത്തിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമാകാത്തതിനാലാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. 28-ന് തിരുവമ്പാടിയിലെ പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് യു.ഡി.എഫ്. പ്രതിഷേധ മാർച്ച് നടത്തും. 2021 ഫെബ്രുവരി 17-നാണ് അന്നത്തെ മന്ത്രി ജി. സുധാകരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 4.5 കിലോ മീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്നതിന് 5.5 കോടി രൂപയാണ് അനുവദിച്ചത്.
Post a Comment