സുൽത്താൻബത്തേരി: നാട്ടിലിറങ്ങി കുഴപ്പങ്ങളുണ്ടാക്കുന്ന കാട്ടാനയും കടുവയുമടക്കമുള്ള അപകടകാരികളായ വന്യമൃഗങ്ങളെ തുരത്തുന്നതും പിടികൂടുന്നതുമടക്കമുള്ള വനംവകുപ്പിന്റെ ദുഷ്കരമായ ദൗത്യങ്ങളിലെ മുൻനിരപ്പോരാളിയായിരുന്നു ഹുസൈൻ കൽപ്പൂർ. വന്യമൃഗങ്ങളെ മയക്കുവെടിവെക്കുന്നതിലും വന്യമൃഗങ്ങളുടെ സ്വഭാവം അറിഞ്ഞ് നീക്കങ്ങൾ നടത്തുന്നതിലും വിദഗ്ധനായ ഹുസൈൻ, കേരളാ വനംവകുപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും നടത്തിയ പ്രധാനദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അത്തരത്തിലൊരു ദൗത്യത്തിനിടെയുണ്ടായ അപകടത്തിലാണ് മുപ്പത്തിരണ്ടുകാരനായ ഹുസൈന്റെ അകാലവിയോഗമുണ്ടായതും.
വനംവകുപ്പിന്റെ വയനാട്ടിലെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.)ലെ താത്കാലിക വാച്ചറായ ഹുസൈനെ തൃശ്ശൂർ പാലപ്പിള്ളി കള്ളായിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ്, കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തിയത്. മുത്തങ്ങ ആനപ്പന്തിയിൽനിന്നും കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ തുരത്താനെത്തിയ ദൗത്യസംഘത്തിൽ ഹുസൈനുമുണ്ടായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാടിനോടും വനമൃഗങ്ങളോടുമുള്ള ഒടുങ്ങാത്ത അഭിനിവേശമായിരുന്നു ഹുസൈനെ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനിലേക്കെത്തിച്ചത്. മുക്കം സ്വദേശിയായ ഹുസൈനെ തുച്ഛമായ ശമ്പളത്തിന് വയനാട്ടിൽ താത്കാലികജോലിയിൽ തുടരാൻ പ്രേരിപ്പിച്ചതും കാടിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.
വന്യമൃഗങ്ങളെ മയക്കുവെടിവെക്കുന്നതിലും കെണിയിലകപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കുന്നതിലുമെല്ലാം വൈദഗ്ധ്യമുള്ള ഹുസൈൻ മികച്ച സേവനത്തിലൂടെ വനംവകുപ്പിനുള്ളിലും പുറത്തും പേരെടുത്തിരുന്നു. കർണാടക, തമിഴ്‌നാട് വനംവകുപ്പുകൾ നടത്തിയിട്ടുള്ള ദൗത്യങ്ങളിലും ഹുസൈൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
താമരശ്ശേരി ആർ.ആർ.ടി.യിലായിരുന്ന ഹുസൈൻ 2016-ലാണ് വയനാട്ടിൽ ജോലിക്കെത്തുന്നത്. അന്നുമുതൽ, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ പതിവായ വയനാടിന്റെ എല്ലാമേഖലകളിലും ഹുസൈൻ സേവനത്തിനെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് 31-ന് മീനങ്ങാടി മണ്ഡകലവയലിൽ കൂട്ടിലകപ്പെട്ട കടുവക്കുഞ്ഞിനെ അമ്മക്കടുവയ്ക്കൊപ്പം തുറന്നുവിടാനുള്ള ദൗത്യത്തിലും ഹുസൈനുണ്ടായിരുന്നു. തോക്കുമേന്തി മുന്നിൽനിന്ന് ദൗത്യസംഘത്തെ നയിക്കുന്ന ഹുസൈൻ വയനാട്ടുകാർക്കെല്ലാം സുപരിചിതനാണ്.
അപകടമേറിയ ഓരോ ദൗത്യങ്ങൾക്കിടയിലും സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും ജീവൻ സുരക്ഷിതമാക്കാനായി സ്വന്തംജീവൻ മറന്ന് ഹുസൈൻ പ്രവർത്തിക്കുമായിരുന്നു. മയക്കുവെടി വിദഗ്ധനായ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ സംഘത്തിലെ പ്രധാനിയായ ഹുസൈൻ, അരുൺ സഖറിയയുടെ നേതത്വത്തിൽ നടത്തിയിട്ടുള്ള ഭൂരിഭാഗം ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഒമ്പതുപേരെ കൊന്ന് അട്ടപ്പാടിയെ വിറപ്പിച്ച പീലാണ്ടി, ആറുപേരെ കൊന്ന ആറളം ഫാമിലെ ശിവ, വടക്കനാട് കൊമ്പൻ, കല്ലൂർ കൊമ്പൻ തുടങ്ങിയ അപകടകാരികളായ കാട്ടുകൊമ്പൻമാരെ പിടികൂടി കൂട്ടിലടച്ച ദൗത്യങ്ങളിൽ ഹുസൈൻ നിർണായകപങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വനംവകുപ്പിന് തീരാനഷ്ടമാണ്.
ഹുസൈന്റെ കുടുംബത്തിന് പത്തുലക്ഷം നഷ്ടപരിഹാരം നൽകും
കോഴിക്കോട്: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അംഗം ഹുസൈന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ സംസ്ഥാനസർക്കാർ നൽകും. ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപ വെള്ളിയാഴ്ച മുക്കത്തെ വീട്ടിലെത്തി കൈമാറുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിച്ചിട്ടുണ്ട്.
വിടവാങ്ങിയത് നാടിന്റെ രക്ഷകൻ
എന്താവശ്യത്തിനും ഒന്നു വിളിച്ചാൽ ഓടിയെത്തുന്ന നാട്ടുകാരൻ. ഏതു വെല്ലുവിളികളെയും ചെറുപുഞ്ചിരിയോടെ നേരിട്ട യുവത്വം. നാട്ടിലെ ജീവകാരുണ്യ-രക്ഷാ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം.
അങ്ങനെയായിരുന്നു മലയോരജനതയ്ക്ക് ഹുസൈൻ. വീടുകളിൽ പാമ്പിനെ കണ്ടാലും മലയോരമേഖലയിൽ വന്യമൃഗ ശല്യമുണ്ടായാലും ആദ്യം വിളിയെത്തുക ഹുസൈനായിരുന്നു. നാട്ടിലുണ്ടെങ്കിൽ ഹുസൈൻ നിമിഷങ്ങൾക്കകം സ്ഥലത്തെത്തി പരിഹാരം കാണും. ജില്ലയുടെ കിഴക്കൻ മലയോരമേഖലയുടെ രക്ഷകനെയാണ് തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാനയുടെ ആക്രമണത്തിലൂടെ നഷ്ടമായത്. കുട്ടിക്കാലം മുതൽക്കേ ഹുസൈന് പാമ്പുപിടിത്തം ഇഷ്ട വിനോദമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഹൈസ്കൂളിൽ പഠിക്കുന്നകാലത്തേ പാമ്പുപിടിത്തത്തിൽ വിദഗ്ധനായ ഹുസൈൻ അങ്ങനെയാണ് വനംവകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീമിൽ (ആർ.ആർ.ടി.) അംഗമാകുന്നത്. ഏറെക്കാലം വനംവകുപ്പിന്റെ താമരശ്ശേരി റേഞ്ചിൽ സേവനമനുഷ്ഠിച്ചു.
വയനാട് ജില്ലയിൽ കാട്ടാന, കടുവ ശല്യം പതിവായതോടെ വനംവകുപ്പിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് രക്ഷാപ്രവർത്തനത്തിനായി ഹുസൈൻ ‘ചുരം കയറുന്നത്’. ഇതിനിടയിൽ സഹോദരൻ കരീമും റാപ്പിഡ് റസ്പോൺസ് ടീമിൽ അംഗമായി. കടുവപിടിത്തത്തിലും നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിലും പ്രത്യേക പരിശീലനം നേടിയതോടെ ഹുസൈൻ വനംവകുപ്പിന്റെ മികച്ച രക്ഷാപ്രവർത്തകരിൽ ഒരാളായി.
2021 ജനുവരി ഒന്നിന് ആനക്കാംപൊയിലിൽ കിണറ്റിൽവീണ കാട്ടാനയുടേതുൾപ്പെടെ ഒട്ടേറേ മൃഗങ്ങളുടെയും മനുഷ്യരുടെയും ജീവനുകൾ ഹുസൈൻ തിരികെനൽകി.
കണ്ണൂർ നഗരത്തെ എട്ടുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ പുലിയെ പിടികൂടിയ സംഘത്തിലും ഹുസൈനുണ്ടായിരുന്നു. കഴിഞ്ഞമാസം പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് മരിച്ച ഹുസ്നി മുബാറക്കിന്റെ മൃതദേഹം കണ്ടെത്താൻ വൈകിയപ്പോൾ അവധിയെടുത്ത് നാട്ടിലെത്തിയ ഹുസൈൻ തിരച്ചിലിൽ സജീവപങ്കാളിയായി.
നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് ഹുസൈൻ വിടവാങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹുസൈൻ ജീവിതത്തിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായെത്തിയ വിയോഗവാർത്ത ആളുകൾക്ക് ഉൾക്കൊള്ളാനായില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണുകൾ ഈറനണിഞ്ഞു.
രാത്രി പത്തരയോടെ ജന്മനാട്ടിലെത്തിച്ച ഭൗതികശരീരം കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവെച്ചു. അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരമർപ്പിക്കാനുമായി നൂറുകണക്കിനാളുകൾ കൂടരഞ്ഞിയിലേക്ക് ഒഴുകിയെത്തി. പൊതുദർശനത്തിനുശേഷം രാത്രി 12.30- ഓടെ കാരമൂല ജുമാഅത്ത് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കബറടക്കി.
ലിന്റോ ജോസഫ് എം.എൽ.എ., ജില്ലാപഞ്ചായത്തംഗം വി.പി. ജമീല, മുക്കം മുഹമ്മദ്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കോഴിക്കോട് വിജിലൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്ര ബാബു, വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ്, വയനാട് അസി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു, പാലക്കാട് അസി. കൺസർവേറ്റർ അബ്ദുൾ ലത്തീഫ്, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. കെ.കെ. സുനിൽ കുമാർ, ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ, സൗത്ത് വയനാട് ഡിവിഷൻ ഓഫീസർ ഷജിന കരീം തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
Post a Comment