അച്ഛനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. അഞ്ചു പേരെ പ്രതി ചേര്‍ത്താണ് കേസ്. IPC 143,147,149 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. അന്യായമായി തടഞ്ഞു വെച്ച് മര്‍ദ്ദിക്കല്‍, സംഘം ചേരല്‍ തുടങ്ങിയവയാണ് വകുപ്പുകളാണ് ചുമത്തിയത്.
സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍, കെ.എസ്.ആര്‍.ടി.സി എന്നിവരില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മലയന്‍കീഴ് സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനാണ് പ്രേമന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിയത്.
കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രേമനെ ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതും അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. പരിക്കേറ്റ പ്രേമനെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment