Sep 15, 2022

മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു.


പത്തനംതിട്ട: പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനടക്കം രണ്ട് പേ‍ർക്ക് തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാത്രി പത്ത് മണിയോടെ മേലേ വെട്ടിപ്പുറത്തുവെച്ചാണ് നായ മജിസ്ട്രേറ്റിനെ ആക്രമിച്ചത്. വെട്ടിപ്പുറത്തെ താമസ സ്ഥലത്തിന് സമീപം വൈകീട്ട് നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.ഇരുചക്ര വാഹന യാത്രക്കാരനെ പിന്തുടർന്ന നായ റോഡിൽ കൂടി നടന്ന് വരികയായിരുന്ന മജിസ്ട്രേറ്റിനെ കടിക്കുകയായിരുന്നു. ഉടൻ തന്നെ മജിസ്ട്രേറ്റിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനാണ് നായയുടെ കടിയേറ്റ മറ്റൊരാൾ. ഇയാളെ നായ ആക്രമിച്ചത് ജനറൽ ആശുപത്രിയുടെ സമീപത്തുവെച്ചാണ്.


മലപ്പുറം ചുങ്കത്തറയിൽ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പിൽ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തിൽ കയ്യിൽ പരുക്കേറ്റത്. ചിരുതയുടെ വീടിൻ്റെ അടുക്കള ഭാഗത്തേക്ക്‌ കയറി വന്നാണ് തെരുവ് നായ ഇവരെ ആക്രമിച്ചത്.
ചങ്ങനാശ്ശേരിയിൽ തെരുവ് നായകളെ കൊന്ന് കെട്ടിതൂക്കിയ സംഭവം വിവാദമായിരുന്നു. നായകളെ കെട്ടിത്തൂക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മൃഗസ്നേഹികൾ രംഗത്തെത്തി. തെരുവ് നായകളോട് ഇത്തരം ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു. വീട്ടമ്മയെ കടിക്കാൻ ഓടിച്ചതിന് പിന്നാലെയാണ് നായയുടെ ജഡം വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. അതേസമയം വൈക്കത്ത് നായകളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നായകളുടെ പോസ്റ്റ്മോർട്ടം നടപടികളും പൂർത്തീകരിച്ചു.


അതേസമയം എറണാകുളം ജില്ലയിൽ തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഊർജിത കർമ്മ പദ്ധതി ജില്ലാ ഭരണകൂടം നടപ്പാക്കും. ആദ്യഘട്ടത്തിൽ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി (അനിമൽ ബർത്ത് കൺട്രോൾ) വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളിൽ ഉടൻ ആരംഭിക്കും. എബിസി പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതി ഈ ബ്ലോക്കുകളിൽ നടപ്പാക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only