Sep 23, 2022

ഹര്‍ത്താല്‍: സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറ്


കോഴിക്കോട്: നേതാക്കളെ എന്‍.ഐ.എ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറ്. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കോഴിക്കോട്ട് ലോറിക്കുനേരെയും കല്ലേറുണ്ടായി.
കോഴിക്കോട്ട് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും മറ്റൊരു ബസിനും നേരെ കല്ലേറുണ്ടായി. സിവില്‍ സ്റ്റേഷനു സമീപത്തുവച്ചുണ്ടായ കല്ലേറില്‍ കണ്ണിന് പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനുനേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. നഗരത്തില്‍ സര്‍വീസ് നടത്തിയ മറ്റൊരു ബസിനുനേരെയും കല്ലേറുണ്ടായി. കോഴിക്കോട് കല്ലായിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. പി.എസ്.സി പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നിലാണ് അക്രമമുണ്ടായത്. കല്ലെറിഞ്ഞവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. രാവിലെ 6.15-ഓടെ ആയിരുന്നു സംഭവം.

കൊച്ചിയില്‍ ആലുവ - പെരുമ്പാവൂര്‍ റൂട്ടിലോടുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. ആലപ്പുഴയില്‍ ദേശീപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീര്‍ക്കുന്നത്തുമായാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇന്ന് സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only