പന്തീരങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ വീട്ടുജോലിക്ക് എത്തിയ പതിമൂന്നുകാരിക്ക് ക്രൂരമർദനം. ബിഹാർ സ്വദേശിയായ പെൺകുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിലുള്ളവർ മർദ്ദിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതിമാർക്കെതിരേ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയുമായ ഡോക്ടർ മിർസാ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നാല് മാസം മുൻപാണ് ഇവരുടെ പന്തീരാങ്കാവിലെ ഫ്ളാറ്റിൽ കുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് കുട്ടിയെ പൊള്ളലേൽപ്പിച്ചു, ബെൽറ്റ് കൊണ്ട് അടിച്ചു തുടങ്ങിയ പരാതികളാണ് ഉള്ളത്. തൊട്ടടുത്ത ഫ്ളാറ്റിൽ ഉള്ളവരാണ് കുട്ടിയെ മർദിക്കുന്ന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ വെള്ളിമാടുകുന്നിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പന്തീരാങ്കാവ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റുഹാന കുട്ടിയെ ബെൽറ്റുകൊണ്ട് അടിച്ചെന്നും ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവർക്കെതിരേ ബാലവേല നിരോധന വകുപ്പ് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഹാറിൽനിന്ന് അനധികൃതമായി കുട്ടിയെ കൊണ്ട് വന്നതിന് കുട്ടിക്കടത്ത് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
Post a Comment