Oct 12, 2022

പിടികൂടിയത് 50 ലക്ഷം, കോടതിയിലെത്തിയപ്പോള്‍ 40 ലക്ഷം..! എണ്ണത്തില്‍ പിശക് വന്നതാണ് കാരണമെന്ന് എക്‌സൈസ്."


തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപ കോടതിയില്‍ എത്തിച്ചപ്പോള്‍ നാല്‍പ്പത് ലക്ഷമായി. 

കഴിഞ്ഞ എട്ടിന് രാവിലെ അഞ്ചുമണിക്ക്  തമിഴ്‌നാട് സ്വദേശിയില്‍ നിന്നും പിടികൂടിയ കണക്കില്‍പെടാത്ത അരക്കോടി രൂപ കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ബാങ്കിലെത്തിച്ച് എണ്ണിയപ്പോഴാണ്പത്ത് ലക്ഷം രൂപ കുറവാണെന്ന് ബോധ്യപ്പെട്ടത്. 


ഇതോടെ എക്‌സൈസ് സംഘം പ്രതിസന്ധിയിലായി. ആദ്യമെണ്ണിയപ്പോള്‍ നോട്ടുകെട്ടുകളുടെ എണ്ണത്തില്‍ വന്ന ധാരണപിശകാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്നും, അതു കൊണ്ടാണ് 40 ലക്ഷമെന്നത് തെറ്റിദ്ധരിച്ച് 50 ലക്ഷമെന്ന് രേഖപ്പെടുത്താന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  


ബാഗില്‍ ആകെ  500 രൂപയുടെ 80 കെട്ടുകളെ ഉണ്ടായിരുന്നുള്ളൂവെന്ന്  പ്രതി സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്തായാലും പിടികൂടിയ കള്ളപ്പണം ദുരൂഹ സാഹചര്യത്തില്‍ കുറഞ്ഞ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചും എക്‌സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

പിടിച്ചെടുത്തത് അമ്പതിനായിരം രൂപ വീതമുള്ള നൂറ്‌കെട്ട് ആയിരുന്നുവെന്നായിരുന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ വിശ്വാസം.ഇതിന്റെ അടിസ്ഥാനത്തില്‍ 50000 X 100 പ്രകാരം 50 ലക്ഷമെന്ന് സീഷര്‍ മഹസറടക്കം തയ്യാറാക്കി അന്നേ ദിവസം തന്നെ ബത്തേരി കോടതിയില്‍ ഹാജരാക്കി. മാനന്തവാടിയില്‍ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാലാണ് ബത്തേരി കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പണം രണ്ട് ദിവസത്തെ അവധിക്ക് ശേഷം മാനന്തവാടി കോടതിയില്‍ എത്തിക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുകയും പണം അതുവരെ സൂക്ഷിക്കാന്‍ എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു.. ഇതിന്റെ അടിസ്ഥാനത്തില്‍ പത്താം തീയതി മാനന്തവാടി കോടതിയില്‍ പണം എത്തിക്കുകയും, നടപടി ക്രമങ്ങളുടെ ഭാഗമായി കള്ളനോട്ട് ഉണ്ടോ എന്നറിയാന്‍ ബന്ധപ്പെട്ട അധികൃതരുടെ സാന്നിധ്യത്തില്‍ മാനന്തവാടിയിലെ ബാങ്കിലെത്തി പണം എണ്ണിയപ്പോള്‍ 40 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

 

നോട്ടുകെട്ടുകളുടെ ആകെ എണ്ണം കണക്കാക്കിയപ്പോള്‍ സംഭവിച്ച അബദ്ധമാണ് 40 ന് പകരം 50 ലക്ഷമെന്ന് മഹസറിലടക്കം എഴുതാന്‍ കാരണമായതെന്ന് പണം പിടികൂടിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാഗില്‍ 40 ലക്ഷം മാത്രമാണ് ഉണ്ടായതെന്ന് ഉടമയായ തമിഴ് നാട്ടുകാരനും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 എന്ത് തന്നെയാണെങ്കിലും ഒറ്റയടിക്ക് പത്ത് ലക്ഷം രൂപ കുറഞ്ഞതിന് പിന്നിലെ ദുരൂഹത നീക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് തല അന്വേഷണവും അനൗദ്യോഗികമായി നടത്തുന്നുണ്ട്. എണ്ണത്തില്‍ വന്ന പിശകാണെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും 10 ലക്ഷത്തിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്നതാണ് അന്വേഷണത്തിന് ആധാരമാകുന്ന കാര്യം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only