വിടരും മുൻപേ വിദൂരതയിലെവിടെയോ മറഞ്ഞ എൻ്റെ പ്രിയപുത്രൻ രണ്ടര വയസുകാരൻ ആദിസ്വരൂപിൻ്റെ (ൻ്റെ ചെങ്ങായി) സഞ്ചയനം നാളെ. എല്ലാ പ്രതീക്ഷകൾക്കും പ്രാർത്ഥനകൾക്കുമപ്പുറം ന്യുമോണിയയുടെ കറുത്തിരുണ്ട മേഘജാലം മകൻ്റെ ജീവശ്വാസമെടുത്തേ പെയ്തൊഴിഞ്ഞുള്ളൂ....
ആകാശനീലിമയിലൊരു തെളിഞ്ഞ നക്ഷത്രമായി സ്വർഗ കവാടത്തിൽ അവനുണ്ടാകുമെന്ന്ഉറച്ചു വിശ്വസിക്കാനാണ് എനിക്കു താൽപ്പര്യം!
മോൻ മെഡിക്കൽ കോളേജ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ 17 ദിനരാത്രങ്ങൾക്ക് ഒരായുസ്സിൻ്റെ മുഴുവൻ ആധിയുണ്ടായിരുന്നു. മനോനില തകർന്നു പോകുന്ന ഒട്ടധികം സമയങ്ങളിലും പ്രാർത്ഥന മാത്രമായിരുന്നു അഭയം! എന്നിട്ടും.......
എൻ്റെ ചെങ്ങായിക്ക് വേണ്ടി ഉള്ളുരുകി പ്രത്യേക പ്രാർത്ഥനയിൽ മുഴുകിയ എത്രയോ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു എന്നത് ആ സമയത്ത് നൽകിയ കരുത്ത് ചെറുതല്ല. എൻ്റെ ജന്മനാട്, കാരശ്ശേരിയിലെ മഹല്ല് കമ്മറ്റി, ഗുരുവായൂരിലും മൂകാംബികയിലും തുടങ്ങി ചെറുതും വലുതുമായ ക്ഷേത്രങ്ങളിലും അവരവരുടെ കുടുംബക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയവർ, ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും സവിശേഷ പ്രാർത്ഥന നടത്തിയവർ, വിശുദ്ധ മക്കയിലെത്തി പ്രാർത്ഥിച്ചവർ...._ _വിശ്വാസത്തിൻ്റെ എല്ലാ വഴിത്താരകളിലും മകന് വേണ്ടി ആത്മാർത്ഥ സഞ്ചാരമൊരുക്കിയവർ... എല്ലാവരോടും ഒരുപാട് സ്നേഹം ഇഷ്ടം കടപ്പാട് !
ഏറ്റവും വിഷമിച്ച നാളുകളിൽ ആശുപത്രിയിൽ സ്ഥിര സന്ദർശനം നടത്തി എനിക്ക് കരുത്തു നൽകിയ പ്രിയപ്പെട്ട ചങ്കുകൾ, ഇടയ്ക്കിടെ വന്ന് എനിക്ക് ഭക്ഷണം വാങ്ങിത്തന്ന ഏറെ ഇഷ്ടപ്പെട്ട സൗഹൃദവലയത്തിലെ ആദരണീയ വ്യക്തികൾക്കൊപ്പം അധ്യാപക സുഹൃത്തുക്കൾ, ആ സമയത്ത് എൻ്റെ താടി വടിച്ച് മുടിവെട്ടിത്തന്ന ബഹുമാന്യ സൗഹൃദർ, വാട്സാപ്പിലും ഫേസ് ബുക്കിലും ഫോൺ ചെയ്തും ആശ്വാസവചനമരുളിയവർ, എന്നെ ഒന്നും ചെയ്യാനനുവദിക്കാൻ പോലും സമ്മതിക്കാതെ മുഴുവൻ സമയത്തും നിതാന്ത ജാഗ്രതയോടെ എല്ലാകാര്യങ്ങളും അതിസൂക്ഷ്മതയോടെ ചെയ്ത് തന്ന് എന്നെ ഇടംവലം സംരക്ഷിച്ച പ്രിയപ്പെട്ട ജ്യേഷ്ഠാനുജമാർ (ഇവർക്കീ വിശേഷണം പോരായ്ക തന്നെ!) ആശുപത്രി സമയം മുതൽ ഈ സമയം വരെ ഏറ്റവും കാര്യക്ഷമമായി എല്ലാ അർത്ഥത്തിലും ഇടപെട്ട ടീംഎൻ്റെ മുക്കത്തിൻ്റെ പോരാളികൾ, എൻ്റെ അവസ്ഥ തിരിച്ചറിഞ്ഞ് എന്നോടൊന്നും ചോദിക്കുക പോലും ചെയ്യാതെ എൻ്റെ അക്കൗണ്ടിലേക്കും നേരിട്ടും പണമായി സഹായിച്ച പ്രിയപ്പെട്ടവർ....
അതിനുമൊക്കെയപ്പുറം എൻ്റെ ചെങ്ങായിയുടെ മരണാനന്തര ചടങ്ങിലും തുടർന്നും പങ്കെടുത്ത് എൻ്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകർന്ന പ്രിയപ്പെട്ട അസംഖ്യം പേർ, പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള കോളേജ് അധ്യാപകർ, മകനെ ഒരു നോക്കു കാണാൻ കുതിച്ചെത്തിയ എൻ്റെ പ്രിയ വിദ്യാർത്ഥികൾ......
ബന്ധുമിത്രാദികൾ..!
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾ, പോലീസ്, ഫയർഫോഴ്സ് സേനാ വിഭാഗങ്ങൾ, സൗഹൃദവലയത്തിലെ അധ്യാപകർ....
പട്ടിക നീളും! പ്രത്യേകം പേരു പരാമർശിക്കേണ്ടുന്ന നിരവധി നന്മ മനസ്സുകളുണ്ടെന്നറിയാം. എങ്കിലും മകൻ്റെ വേർപാടിൽ കഴിയുന്ന ഈ സമയത്ത് നന്ദിയും കടപ്പാടും അറിയിച്ച് അതിൻ്റെ മഹത്വം കളയുന്നില്ല...! മരണാനന്തര ചടങ്ങിനു ശേഷം ആശ്വാസമേകാൻ വീട്ടിലെത്തുന്നവർ, അവർക്ക് ചായയും ഭക്ഷണവുമൊരുക്കാൻ അടുക്കളയിൽ സജീവ സാന്നിധ്യമായ പെങ്ങളും സഹോദര ഭാര്യമാരും കുടുംബാംഗങ്ങളും, പ്രിയതമക്ക് കാവലായി ദു:ഖാർത്തരായിരിക്കുന്ന പ്രിയപ്പെട്ട ബന്ധുക്കളും, മരണമറിഞ്ഞയുടൻ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകിയ സ്നേഹനിധികളായ അയൽവാസികൾ തുടങ്ങി എല്ലാവരോടും ഒറ്റ വാക്കിൽ കടപ്പാടു മാത്രം അറിയിക്കട്ടെ
എൻ്റെയും കുടുംബത്തിൻ്റെയും അഗാധ ദുഃഖത്തിൽ പങ്കുചേർന്ന എല്ലാവരോടും കടപ്പാട് അറിയിക്കുന്നതിനൊപ്പം,
നാളെ വ്യാഴാഴ്ച മകൻ്റെ സഞ്ചയന ചടങ്ങ് നടക്കുന്ന വിവരം കൂടി അറിയിക്കട്ടെ!
മോൻ്റെ മോക്ഷത്തിനു വേണ്ടിയുള്ള പ്രാർത്ഥന കൂടി ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. ദൈവം എൻ്റെ ചെങ്ങായിയേയും നമ്മളേയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ........🙏🙏🙏🙏😥
Post a Comment