കോഴിക്കോട്: ഫറോക്കിലെ ടിപ്പുകോട്ടയിൽ പഴയ കാലത്തെ മതിൽ കണ്ടെത്തി. ടിപ്പുവിന്റെ കാലത്ത് നിർമിച്ചതെന്നു കരുതപ്പെടുന്ന മതിലിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. കോട്ടയിൽ നടക്കുന്ന മൂന്നാംഘട്ട ഉത്ഖനനത്തിലാണ് കണ്ടെത്തൽ.
ബ്രിട്ടീഷുകാർ നിർമിച്ച ബംഗ്ലാവിന്റെ മുൻവശത്താണ് മതിൽ കണ്ടെത്തിയത്. നാല് മീറ്റർ ഉയരമുണ്ട് കോട്ടമതിലിന്. ഇതിനൊപ്പം ടിപ്പുവിന്റെ കാലത്തെ ചെമ്പുനാണയം, തിരകൾ, പഴയ പിഞ്ഞാണപ്പാത്രങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലം നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് കേസുകളും നടക്കുന്നുണ്ട്. കോട്ട ചരിത്രസ്മാരകമായി സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്. സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുള്ള പ്രാധാന്യം സംസ്ഥാന സർക്കാർ നൽകുമെന്നും സ്ഥലം സന്ദർശിച്ച മന്ത്രി പറഞ്ഞു.
അതിനിടെ, ടിപ്പു കോട്ടയിലെ മൂന്നാംഘട്ട ഉത്ഖനനം അവസാനിച്ചു. ഉത്ഖനനം തുടരാനായി സംസ്ഥാന പുരാവസ്തുവകുപ്പ് ആർക്കിയോളജിക്കൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകും.
Post a Comment