ആഗ്ര: രണ്ട് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കാമുകനും കുടുംബാംഗങ്ങളും ചേർന്ന് കൊന്ന് കുഴിച്ചു മൂടിയതായി കണ്ടെത്തി. ഫിറോസാബാദ് സ്വദേശിനിയായ 16കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിത്തോത്ത് സ്വദേശി ഗൗരവ് സിങ്, ഇയാളുടെ പിതാവ് ചന്ദ്രബാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാണാതായ പെൺകുട്ടിയുമായി ഗൗരവ് അടുപ്പത്തിലായിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ ഗൗരവിനെതിരെ പോലീസ് ആദ്യഘട്ടത്തിൽ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരാതിക്ക് പിന്നാലെ ഇയാളും കുടുംബവും ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പെൺകുട്ടിയെ ഗൗരവ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു പോലീസും നാട്ടുകാരും കരുതിയിരുന്നത്. തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് ഗൗരവും പിതാവും പിടിയിലാകുന്നത്.
പെൺകുട്ടി വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയതോടെ കൊലപാതകം നടത്തിയെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. 2020 നവംബർ 21നാണ് കൊലപാതകം നടത്തിയത്. ഗൗരവുമായുള്ള അടുപ്പം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഇതോടെയാണ് കുട്ടി വിവാഹത്തിന് നിർബന്ധം പിടിച്ചത്. സമ്മർദ്ദം ശക്തമായതോടെ ഗൗരവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ വീടിന്റെ കിടപ്പുമുറിയിൽ തന്നെ മൃതദേഹം മറവ് ചെയ്തു. തറ വീണ്ടും പഴയപോലെ ആക്കുകയും ചെയ്തു.
എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തതോടെയാണ് ഇവർ നാടുവിടാൻ തീരുമാനിക്കുന്നത്. യുപി, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഗൗരവിന്റെ വീട് കുത്തിപ്പൊളിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഗൗരവിന്റെ സഹോദരങ്ങൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post a Comment