പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം.
ഇരട്ട നരബലി നടന്ന വീട്ടിലെ പറമ്ബില്‍ ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ജെസിബിയുമായി പറമ്ബ് കുഴിച്ചുനോക്കും. പറമ്ബില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായകളുടെ സഹായത്തോടെയാകും ശനിയാഴ്ച തെരച്ചില്‍ നടത്തുക. പത്മം, റോസിലിന്‍ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്ബില്‍ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നത്.
അതേസമയം കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ഇതെല്ലാം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്.
മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ എന്തോ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായത്. ഇതോടെയാണ് ഇലന്തൂരിലെ ഭഗവല്‍സിങിന്‍റെ വീട്ടില്‍ വീണ്ടും വിശദമായ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
Post a Comment