Nov 4, 2022

പ്രതിഷേധം ഫലം കണ്ടു; അജൈവ മാലിന്യങ്ങൾ നീക്കാൻ നഗരസഭ നടപടിയാരംഭിച്ചു.


കൊടുവള്ളി: പ്രദേശവാസികളുടെ പ്രതിഷേധം കനത്തതോടെ കണ്ടാലമലയിലെ അജൈവ മാലിന്യങ്ങൾ നീക്കാൻ നഗരസഭ നടപടിയാരംഭിച്ചു. മാലിന്യ നിർമാർജനത്തിന് കരാറെടുത്ത ഏജൻസി എത്തിച്ച അജൈവ മാലിന്യങ്ങൾ കുന്നുകൂടി പ്രദേശവാസികൾക്ക് ദുരിതമായതോടെയാണ് പ്രതിഷേധമുയർന്നത്. ഒട്ടേറെ കുടുംബങ്ങളാണ് പ്രദേശത്തോട് ചേർന്ന് താമസിക്കുന്നത്. കരാറെടുത്ത ഏജൻസിയുടെ ടെൻഡർ പുതുക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം കാരണമാണ് മാലിന്യനീക്കം തടസ്സപ്പെട്ടതെന്നാണ് വിശദീകരണം.


നഗരസഭയുടെ ഉടമസ്ഥതയിലുള്ള കണ്ടാലമലയിലെ രണ്ടേക്കർ സ്ഥലത്ത് 5 ലക്ഷത്തോളം രൂപ ചെലവഴിച്ച് പ്ലാസ്റ്റിക്ക് ഷ്രെഡിങ് യൂണിറ്റ് നി‍ർമിച്ചിരുന്നെങ്കിലും പ്രവർത്തന സജ്ജമായിരുന്നില്ല. ഈ സ്ഥലത്തേക്ക് 25 ലക്ഷം രൂപയോളം ചെലവഴിച്ച് പുതിയ റോഡ് നിർമിക്കുകയും 3 ഫേസ് കണക്‌ഷൻ വൈദ്യുതി എത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു അറിയിച്ചു. നിലവിലുള്ള യൂണിറ്റിലേക്ക് ബെയിലിങ് മെഷീനും ഷ്രഡ്ഡിങ് മെഷീനും വാങ്ങിയിട്ടുണ്ട്. തുടർ പദ്ധതിക്കായി ഈ വർഷം 23 ലക്ഷം രൂപയും വകയിരുത്തി.

കൂടാതെ ചുറ്റുമതിലും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് 40 ലക്ഷം രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് നഗരസഭയിൽ മറ്റ് സ്ഥലങ്ങൾ ഇല്ലാത്തതിനാൽ നിലവിൽ ശേഖരിച്ച അജൈവ മാലിന്യങ്ങൾ കണ്ടാലമലയിലാണ് സംഭരിച്ചിട്ടുള്ളതെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ടെൻഡർ ‍എടുത്ത സ്ഥാപനം അത് നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. മാർച്ച് അവസാനത്തോടെ കണ്ടാലമല മാലിന്യ സംസ്കരണ പ്ലാന്റ് പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാകുമെന്നും നഗരസഭാധ്യക്ഷൻ വ്യക്തമാക്കി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only