Nov 2, 2022

ഭർത്താവിന്‍റെ പുത്തൻ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി


കണ്ണൂർ: ഭർത്താവിന്റെ പുത്തൻ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് യുവതി ഹാജരായത്. ഭർത്താവ് പുതിയതായി വാങ്ങിയ കാറും സഹോദരിയുടെ 15 പവൻ സ്വർണാഭരണങ്ങളുമായാണ് റിസ്വാന(27) എന്ന യുവതി കാമുകനൊപ്പം പോയത്. കണ്ണൂർ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ 27 കാരി 24 കാരനായ കാമുകനൊപ്പം മുങ്ങിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

പെരുവളത്ത്പറമ്പ് സ്വദേശിയും ബസ് ജീവനക്കാരനുമായ  റമീസിനൊപ്പമാണ് യുവതി പോയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാർ കരുതുന്നത്. ഞായറാഴ്ച രാത്രി ഒന്നര മണിയോടെ ഭർത്താവിന്‍റെ എടിഎം കാർഡ് ഉപയോഗിച്ച് യുവതി പണം പിൻവലിച്ചു. ഇത് സംബന്ധിച്ച മെസ്സേജ് ഭർത്താവിന് മൊബൈൽ ഫോണിൽ ലഭിച്ചു. അർദ്ധരാത്രിയിൽ ഭാര്യ പണം പിൻവലിച്ച മെസ്സേജ് ഫോണിൽ വന്നതോടെ വിദേശത്തുള്ള ഭർത്താവ് അമ്പരപ്പിലായി.

തുടർന്നാണ് യുവതിയെ അന്വേഷിച്ചത്. ഫോൺ വിളിച്ച് കിട്ടാതായതോടെ വീട്ടിൽ ഉള്ളവരുമായി ബന്ധപ്പെട്ടു. ബന്ധുക്കൾ മുറിയിൽ ചെന്ന് നോക്കിയപ്പോൾ യുവതിയെ കാണാനില്ലെന്ന് വ്യക്തമായി. കാസർകോടുള്ള എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചിട്ടുള്ളത്. രണ്ടു മക്കളെയും ഉറക്കിക്കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാടുവിട്ടിരുന്നു. അന്ന് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ ഭർത്താവ് യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു പോവുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭർത്താവ് വീണ്ടും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയി.

കാമുകനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചു എന്നാണ് ഭർത്താവ് കരുതിയത്. എന്നാൽ ഇരുവരും ബന്ധം തുടർന്നിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. യുവതിയെയും മകളെയും വിദേശത്ത് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ഭർത്താവ്. ഇതിനായുള്ള ടിക്കറ്റ് വരെ എടുത്തു കഴിഞ്ഞതാണ് വിവരം. അതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചു യുവതി കാമുകനോടൊപ്പം വീണ്ടും കടന്നു കളഞ്ഞത്.

ഭർത്താവിന്റെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. നേരത്തെ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കാസർഗോഡ് ഉള്ളതായാണ് കണ്ടെത്തിയിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only