കാലത്തിനു മുന്നേ നടന്ന കലാകാരനായിരുന്നു സലാം കാരശ്ശേരിയെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ എ പി അഹമ്മദ് പറഞ്ഞു. സലാം കാരശ്ശേരി മെമ്മോറിയൽ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച സലാം കാരശ്ശേരിയുടെ സമകാലികരും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്ന പ്രൗഢ സദസ്സിൽ സലാം കാരശ്ശേരി അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായികതയും വർഗ്ഗീയതയും ആധിപത്യം നേടുന്ന, ഇരുളണയുന്ന, പുതിയ കാലത്തെ നേരത്തെ കണ്ട പ്രതിഭയാണ് സലാം കാരശ്ശേരി എന്നതിന് അദ്ദേഹത്തിന്റെ രചനകളും സിനിമകളും തന്നെയാണ് സാക്ഷ്യം.
ദുർബലർ അരികുവൽക്കരിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന വർത്തമാന കാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു അദ്ദേഹമെഴുതിയ നാടകങ്ങൾ. ആദ്യ നാടകമായ "വൈരൂപ്യങ്ങൾ" പ്രസരിപ്പിക്കുന്ന സന്ദേശം ഇതാണ്.
മാനവിക വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പൗരോഹിത്യത്തിന്റെയും ജന്മിത്വത്തിന്റെയും സകല കോയ്മകളെയും ധിക്കരിച്ച്, ആവിഷ്കാരത്തിന്റെ സ്വതന്ത്ര ആകാശം പണിത ധിഷണാശാലിയാണ് സലാം. മാനവികതയുടെ സന്ദേശം പകരുന്ന കാൽപന്ത് കളിയെപ്പോലും അംഗീകരിക്കാനാവാത്ത പൗരോഹിത്യം, പുതിയ കാലത്തും ജനങ്ങൾക്കും വിശ്വാസികൾക്കും മേൽ ആധിപത്യത്തിന്റെ ചങ്ങലപൂട്ടിടുമ്പോൾ, അറുപതാണ്ടുകൾക്കു മുമ്പേ അക്ഷരവും കലയും കൊണ്ടു അത്തരം കെട്ടുകൾ പൊട്ടിച്ച കലാപകാരി കൂടിയാണ് സലാം കാരശ്ശേരി, അദ്ദേഹം തുടർന്നു.
കച്ചവടത്തിന്നപ്പുറം സിനിമ എന്ന കലാരൂപത്തിന്റെ സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞ സലാം കാരശ്ശേരി, സാമൂഹ്യ ഇടപെടലുകൾക്കുള്ള ഉപകരണവും മാധ്യമവുമായി സിനിമയെ കണ്ടു, അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനും സലാം കാരശ്ശേരിയുടെ കൂട്ടുകാരനുമായ ജമാൽ കൊച്ചങ്ങാടി പറഞ്ഞു.
കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂര്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി കുഞ്ഞാലി, സാംസ്കാരിക പ്രവർത്തക കാഞ്ചന കൊറ്റങ്ങൽ, എഴുത്തുകാരി എൻ കെ രശ്മി ടീച്ചർ എ പി മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഫിലിം സൊസൈറ്റി പ്രസിഡന്റ് ഡോ. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി സലാം കാരമൂല സ്വാഗതം പറഞ്ഞു. കോ-ഓർഡിനേറ്റർ മലിക് നാലകത്ത് ആമുഖ ഭാഷണം നടത്തി. എൻ എം ഹാഷിർ നന്ദി പറഞ്ഞു.
Post a Comment