Nov 2, 2022

അർജന്റീനയും ഏറ്റെടുത്തു; കേരളത്തിലെ വലിയ മെസ്സിയെ

ചാത്തമംഗലം: കാൽപന്തുകളി ആവേശം നെഞ്ചിലേറ്റിയ ഒരുകൂട്ടം ഫാൻസുകാർ ഉയർത്തിയത് പുഴക്കു നടുവിൽ കൂറ്റൻ കട്ടൗട്ട്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പുള്ളാവൂരിലെ അർജൻറീന ഫാൻസുകാരാണ് ചെറുപുഴക്ക് നടുവിലെ തുരുത്തിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. 30 അടി ഉയരവും എട്ട് അടി വീതിയുമുള്ള കട്ടൗട്ട് ലോകമെങ്ങും സമൂഹ മാധ്യമങ്ങളിൽ വൈറലായി. അർജന്റീന ദേശീയ ടീമിന്റെ പേജുകളിലും ഇത് പങ്കുവെച്ചിട്ടുണ്ട്. പുള്ളാവൂരിലെ നൂറോളം അർജൻ്റീന ഫാൻസുകാരാണ് ഇതിനുപിന്നിൽ.
നിർമാണം മുതൽ സ്ഥാപിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലെ സ്വന്തം പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൂലിപ്പണിക്കാർ അടക്കമുള്ളവർ ജോലി കഴിഞ്ഞെത്തി രാത്രിയിലാണ് നിർമാണം നടത്തിയത്. ഒരാഴ്ചയെടുത്തു പൂർത്തിയാക്കാൻ. മരത്തിന്റെ ചട്ടക്കൂടും ഫോം ഷീറ്റും ഫ്ലക്സുമാണ് ഉപയോഗിച്ചത്. പുഴയിലെത്തിക്കാൻ അര കിലോമീറ്റർ ദൂരം ഫാൻസുകാർ ചുമലിലേറ്റി. ക്രെയിനൊന്നും ഉപയോഗിക്കാതെ അവർതന്നെ വടം കെട്ടിയാണ് ഉയർത്തിയത്. ജാബിർ, നൗഷിർ, റിയാസ്, ഫിറോസ്, ഇയാസ്, ജാസർ, സിദ്ദീഖ്, ഇർഷാദ്, ആഷിഖ് മുള്ളർ, ഉവൈസ്, ഉനൈസ് എന്നിവരാണിതിന് ചുക്കാൻ പിടിച്ചത്. ഇയാസാണ് ദൃശ്യങ്ങൾ പകർത്തിയതും എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും. പ്രവാസികളടക്കമുള്ള ഫാൻസുകാർ നൽകിയ 20,000 രൂപ ഉപയോഗിച്ചാണ് തയാറാക്കിയതെന്ന് പുള്ളാവൂർ അർജന്റീന ഫാൻസിലെ ജാബിർ പറയുന്നു. കഴിഞ്ഞ ലോകകപ്പ് സമയത്ത് ചെറുപുഴക്കുകുറുകെ 20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും കൂറ്റൻ അർജൻറീന പതാക സ്ഥാപിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only