അങ്കം മുറുകി മക്കളേ…പുള്ളാവൂർ ചെറുപുഴയിൽ നെയ്മറുടെ കട്ടൗട്ടും കൂടി എത്തിയതോടെ ആവേശം കനത്തു. നേരത്തേ അർജൻ്റീന ഫാൻസ് സ്ഥാപിച്ച കട്ടൗട്ടിനു അൽപ്പം മുൻപിലായി, അതിനേക്കാൾ വലിപ്പത്തിൽ പുഴയുടെ കരയോട് ചേർന്നാണ് ബ്രസീൽ ഫാൻസ് ഇന്ന് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്.ഇതോടെ പുള്ളാവൂരിലെ ഫാൻസുകാരുടെ കളിയാവേശം സമാനതകളില്ലാത്ത വിധം ഉയരങ്ങളിലേക്ക്….
കോഴിക്കോട് ജില്ലയിലെ ചാത്തമഗലം പുള്ളാവൂർ എന്ന ഈ ഗ്രാമവും ചെറുപുഴയും ലോകകപ്പാരവത്തിലേക്ക് ഒരുപടി മുന്നേ നടന്നുകയറുകയാണ്.
ലോകകപ്പാരവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കളിയാവേശത്തിൻ്റെ നെറുകയിലാണ് മലയാളികൾ. അങ്ങ് ഖത്തറിൽ നടക്കുന്ന കാൽപ്പന്തുകളിക്ക് ഇങ്ങ് മലയാളിയുടെ ചെറുഗ്രാമങ്ങളിൽ പോലും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും പോലെയാണ് കാൽപ്പന്തുകളിയിലെ അർജൻ്റീനയും ബ്രസീലും. മെസിയും നെയ്മറുമെല്ലാം അവരുടെ കായിക വികാരങ്ങളുടെ അങ്ങേത്തലയാണ്. പരസ്പരം
തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഫാൻസുകാരുടെ എണ്ണമെടുത്താൽ അതുപോലും കലഹമാകുന്ന നാട്.!
കാൽപ്പന്തു കളിയെ അത്രമേൽ സ്നേഹിക്കുന്ന കോഴിക്കോടൻ ജനതയുടെ ഫാൻസുകാർക്ക് ഹരം പകർന്ന് പുള്ളാവൂരുകാരുടെ ഈ മത്സരത്തിന് പത്തരമാറ്റിൻ്റെ പകിട്ട്.
ഫാൻസ് യുദ്ധം തുടങ്ങിയതോടെ ഇനി എന്തെല്ലാം വ്യത്യസ്ത ചിന്തകൾ രൂപപ്പെട്ടു വരാനുണ്ടെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.
നേരത്തേ,പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ട് ആഗോള വൈറലായി മാറിയിരുന്നു.ഫോക്സ് സ്പോർട്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പുള്ളാവൂരിലെ പുഴയിലെ മെസ്സിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.
ബ്രസീൽ ഫാൻസിൻ്റെ പുതിയ നീക്കവും ചർച്ചയാവുമെന്ന കാര്യത്തിൽ തർക്കമില്ല
Post a Comment