പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലുക എന്നുള്ളതാണ് പരിഹാരമാർഗ്ഗം
ഇത്തരം ജീവികളെ സംരക്ഷിക്കുന്ന സംവിധാനം വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട് എന്നുള്ള വിവരം തന്നെ ഹുസൈനിലൂടെയാണ് അറിയുന്നത് പിന്നെ എവിടെ പാമ്പിനെ കണ്ടാലും ആദ്യം ഹുസൈനെ വിളിക്കും അവൻ അതിനെ സാഹസികമായി പിടിച്ച് അവന്റെ വീടിന്റെ മുമ്പിലുള്ള പ്രാവിൻ കൂട്ടിൽ സംരക്ഷണം ഒരുക്കും
ചില സമയങ്ങളിലാക്കെ ഹുസൈന്റെ വീടിന്റെ മുന്നിൽ നിറയെ ജനക്കൂട്ടമുണ്ടാകാറുണ്ട് വിവിധ ദേശങ്ങളിൽ പലരെയും ഉറക്കം കെടുത്തിയ ഉഗ്രവിഷമുള്ള പാമ്പുകളെ ഹുസൈന്റെ വീട്ടിലെ ഈ താൽക്കാലിക കൂട്ടിൽ കാണാം ഫോറസ്റ്റുകാർ വരുന്നതുവരെ അവനതിന് കാവൽ നിൽക്കും
ഉഗ്രവിഷമുള്ള പാമ്പുകളെ അനായാസം കീഴ്പ്പെടുത്തുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട് ഒപ്പം ഭയവും.
പലതവണ പലരും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിട്ടും അവൻ അതൊരു ഉത്തരവാദിത്വമുള്ള ജോലിയായി സ്വീകരിക്കുകയായിരുന്നു ,എന്നാൽ ശ്രമകരമായ ദൗത്യം നിറവേറ്റിയാൽ യാതൊരു പ്രതിഫലവും വാങ്ങാതെ ഒരു ചെറുപുഞ്ചിരിയും സമ്മാനം തന്ന് ഹുസൈൻ യാത്രയാകും
റാപ്പിഡ് റെസ്പോൺസ് ടീമിൽ അംഗമായതിനുശേഷവും എവിടെയും ഓടിയെത്തി രാത്രിയെ പകലാക്കി അവനവന്റെ ജോലിയിൽ വ്യാപൃതനായി.
വീട്ടിലും നാട്ടിലുമായി മനുഷ്യ ജീവന് ഭീഷണിയായ ഉഗ്രവിഷമുള്ള പാമ്പുകളെ തൊട്ട് നാട്ടിലിറങ്ങിയ കടുവകളെയും പുലികളെയും കാട്ടാനകളെയും തുരത്തി രാജ്യം കാക്കുന്ന പട്ടാളക്കാരനെ പോലെ നിരവധി ആളുകൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കിയ ടീമിന്റെ ക്യാപ്റ്റനായി
റെസ്ക്യൂ ഓപ്പറേഷനിൽ പലതിലും ഹുസൈന്റെ സാന്നിധ്യം ഫയർടീമിനും പോലീസിനും നാട്ടുകാർക്കും രക്ഷകനായി.
ആര് എന്ത് ആവശ്യത്തിനു വിളിച്ചാലും ഓടിയെത്തുന്ന ഹുസൈൻ ഇന്നിനി ലോകത്തില്ല എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിനെ തിരയാൻ എന്റെ മുക്കം സന്നദ്ധ സേനയുടെ കരുത്തായി ദിവസങ്ങളോളം ..
അവസാനം നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുത്തത് സ്വതന്ത്ര ദിനത്തിലായിരുന്നു.
ചടങ്ങിനിടെ പെട്ടെന്നാണ് ഹുസൈന്റെ വരവ് എല്ലാവരെയും കണ്ട് കുശലം പറഞ്ഞ് പെട്ടെന്ന് തന്നെ യാത്രയായി എത്ര പ്രയാസപ്പെട്ടാലും അതൊന്നും പുറത്തു കാണിക്കാതെ ചെറുപുഞ്ചിരിയോടെ നേരിടുന്ന പ്രകൃതം
നിർധന കുടുംബത്തിൽ ജനിച്ച ഹുസൈന് അവന്റെ ബാല്യവും കൗമാരവും അത്ര സുഖകരമായിരുന്നില്ല അർപ്പണ മനോഭാവവും ആത്മാർത്ഥതയും കൊണ്ടാണ് അവൻ എത്തി പിടിച്ച മേഖലകളിൽ അവനു ശോഭിക്കാനായത്
സഹജീവികളോടുള്ള സഹാനുഭൂതി അവനെ മനുഷ്യഹൃദയങ്ങളിൽ കൂടെപ്പിറപ്പിന്റെ സ്ഥാനം നൽകി.
ഹുസൈൻ തനിച്ചാക്കിയത് ഭാര്യയേയും രണ്ട് പിഞ്ചു പൈതങ്ങളെയും മാത്രമല്ല നശ്വരമായ ഈ ഭൂമിയിലെ ജീവജാലങ്ങളേയും,കുറെയേറെ നല്ല നന്മയൂറും മനുഷ്യ ബന്ധങ്ങളെയുമാണ് . അതാണ് നമ്മളവിടെ കണ്ടത് എറണാകുളത്തുനിന്ന് കൂടരഞ്ഞിയിലേക്ക് വരുന്ന വഴിയിൽ പല സ്ഥലങ്ങളിലും ഒരു ധീരനായ പോരാളിക്ക് വേണ്ട എല്ലാ അഭിവാദ്യങ്ങളും സ്വീകരിച്ച്
കൂടരഞ്ഞിയിലെ ഓഡിറ്റോറിയത്തിൽ വെച്ച് രാത്രിയേറെ വൈകിയും അവസാനമായി ഒരു നോക്ക് കാണാൻ വന്ന ജനസാഗരത്തെ സാക്ഷി നിർത്തി ഔദ്യോഗിക ആദരവുകൾ ഏറ്റുവാങ്ങി അവൻ നാഥനിലേക്ക് മടങ്ങി.
കറിയാസ്
Post a Comment