Dec 21, 2022

ലക്കിടിക്ക് സമീപം വാഹനാപകടം; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,


കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ ലക്കിടിക്ക് സമീപം കാറിന് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പത്തൊന്‍പതുകാരന് ദാരുണാന്ത്യം. സുല്‍ത്താന്‍ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷ് (19) ആണ് മരിച്ചത്. പവന്‍ സതീഷിന്‍റെ സഹയാത്രികനും ബന്ധുവുമായ പുനല്‍ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് കെ എം സി ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയാണ് പവന്‍. കോളേജിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് മുന്നില്‍ പോവുകയായിരുന്ന ടാക്‌സി കാറിന്‍റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു. ഈ സമയം തൊട്ട് സമീപത്ത് കൂടി കടന്നുപോയ കെ എസ് ആര്‍ ടി സി ബസിനടിയിലേക്കാണ് പവന്‍ സതീഷ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പവന്‍റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം തിരുവനന്തപുരം ജില്ലയിലെ പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്. സംസ്ഥാന പാതയിൽ പാലോട് സ്വാമി മുക്കിൽ ഇന്ന് രാവിലെ 7.30 നാണ് അപകടം. മടത്തറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് പോയ ബൈക്ക് വളവിൽ തെന്നി മറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയിൽപ്പെടുകയുമായിരുന്നു. ബസ്സിന്‍റെ പിൻചക്രങ്ങൾ കയറി ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ തിരുവനന്തപുരം പൂവച്ചൽ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന് ലോറിയിടിച്ച് പരിക്കേറ്റു. രാവിലെ സ്കൂളിന് മുന്നിൽ വെച്ച് സിമന്‍റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് ഇമ്മാനുവലിനെ ഇടിച്ചത്. ലോറിയുടെ വലതു വശത്തെ മുൻ ടയർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only