Dec 23, 2022

കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി; കക്കാട് ജി.എൽ.പി സ്‌കൂളിലെ വിതരണം ആവേശകരമായി.


മുക്കം: കക്കാട് ഗവ. എൽ.പി സ്‌കൂളിലെ 'കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി ജമീല നിർവഹിച്ചു. സ്‌കൂളിലെ കുട്ടികൾക്ക് ഒരു ദിവസം പ്രായമായ 500 കോഴിക്കുഞ്ഞുങ്ങളെയാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യമായി വിതരണം ചെയ്തത്.

 കുട്ടികളിൽ സഹജീവിസ്‌നേഹം, സഹാനുഭൂതി, ജിജ്ഞാസ എന്നിവ വളർത്തുക, കോഴി വളർത്തുരീതികൾ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പിയ്യോ പിയ്യോ കൊഞ്ചിപ്പാടി കുഞ്ഞിക്കാലും കുഞ്ഞു ചുണ്ടുമുള്ള വിവിധ വർണങ്ങളിലുള്ള കോഴിക്കുഞ്ഞുങ്ങളെ സ്വീകരിക്കാൻ കുട്ടികളും രക്ഷിതാക്കളും സന്തോഷപൂർവ്വം ഒരുമിച്ചെത്തിയതും ചടങ്ങിന് ആവേശം പകർന്നു.


 സ്‌കുളിൽ നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.എസി ചെർമാൻ ലുഖ്മാനുൽ ഹഖീം കെ, വാർഡ് മുൻ മെമ്പർ എടത്തിൽ അബ്ദുറഹ്മാൻ, ചാത്തമംഗലം സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിലെ ഇൻസ്‌പെക്ടർ ജഗദീഷ് ബാബു കുന്ദമംഗലം പ്രസംഗിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക ജാനീസ് ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ നന്ദിയും പറഞ്ഞു.
 
സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് മാസ്റ്റർ, മുനീർ പാറമ്മൽ, എം അബ്ദുൽഗഫൂർ, നിസാർ മാളിയേക്കൽ, ഷാനില കെ.കെ, എം.പി.ടി.എ മുൻ പ്രസിഡന്റ് ഖമറുന്നീസ മൂലയിൽ, സാലി മാസ്റ്റർ, ജുനൈസ ടീച്ചർ, പർവീണ ടീച്ചർ, വിപിന്യ ടീച്ചർ, പ്രജീന ഐ.കെ, സുമിത സർക്കാർ പറമ്പ്, റൈഹാനത്ത്, സ്‌കൂൾ ലീഡർ ആയിഷ റഹ, ഡെപ്യൂട്ടി ലീഡർ കെ.പി മിൻഹ തുടങ്ങിയവർ നേതൃത്വം നൽകി.
 കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെയും ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് 'കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി' പദ്ധതി നടപ്പാക്കിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only