കാബുള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍ ഭരണകൂടം. എല്ലാ സര്‍വകലാശാലകളും ഉടന്‍ വിലക്ക് നടപ്പിലാക്കണം എന്ന് താലിബാന്‍ ഭരണകൂടത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഉള്‍പ്പെടെയുള്ളവര്‍ താലിബാന്‍ വിലക്കിനെ അപലപിച്ച് രംഗത്തെത്തി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസം നേടാനുള്ള അവകാശവും ഇല്ലാതാക്കുന്ന നടപടികളാണ് താലിബാന്‍ ഭരണകൂടം തുടരുന്നത്.
അധ്യാപനം, മെഡിസിന്‍ ഉള്‍പ്പെടെയുള്ളവയിലേക്കായി മൂന്ന് മാസം മുന്‍പ് മാത്രമാണ് സര്‍വകലാശാലകളിലേക്ക് പ്രവേശന പരീക്ഷ നടന്നത്. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പരീക്ഷ എഴുതി. താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ക്ലാസ് റൂം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു.
പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപകരെ മാത്രമാണ് അനുവദിച്ചിരുന്നത്. ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പുരുഷ അധ്യാപകരും. അഫ്ഗാനില്‍ കൗമാര വിദ്യാര്‍ഥികള്‍ക്ക് സെക്കന്ററി സ്‌കൂള്‍ വിദ്യാഭ്യാസവും വിലക്കുന്നതിനാല്‍ സര്‍വകലാശാല തലത്തിലേക്ക് എത്തുന്ന പെണ്‍കുട്ടികള്‍ കുറവായിരുന്നു.
Post a Comment