Dec 12, 2022

"മാൻദൗസ്" സംസ്ഥാനത്ത് പരക്കെ മഴ" മത്സ്യബന്ധനത്തിന് വിലക്ക്



തിരുവനന്തപുരം ∙ തമിഴ്നാട്ടിൽ കരയിലേക്കു കയറിയ ‘മാൻദൗസ്’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നലെ പരക്കെ മഴ. വടക്കൻ ജില്ലകളിലാണു കൂടുതൽ മഴ പെയ്തത്. ശനിയാഴ്ച രാത്രി ആരംഭിച്ച മഴ ചൊവ്വാഴ്ച വരെ തുടരുമെന്നാണു കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണു പ്രവചിച്ചിരിക്കുന്നത്.


തമിഴ്നാട്ടിൽ കരയിലേക്കു കയറിയ ‘മാൻദൗസ്’ചുഴലിക്കാറ്റ് ദുർബലമായി ചക്രവാതച്ചുഴിയായി വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുകയാണ്. കൂടാതെ വടക്കൻ കേരള– കർണാടക തീരം വഴി തെക്കു കിഴക്കൻ അറബിക്കടലിലേക്കും പ്രവേശിച്ചു. നാളെയോടെ ന്യൂനമർദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ നിഗമനം.


സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് 7 ജില്ലകളിലും നാളെ നാലു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു പ്രവചനം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ആണ് യെലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിനു പോകുന്നതു നിരോധിച്ചു. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only