Jan 1, 2023

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം,


താമരശ്ശേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കൊടുവള്ളി വാവാട് സ്വദേശിനിയായ 30 കാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് നൽകിയ അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മുഹമ്മദ് നൗഷീർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജീന ജോസഫ് എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് വെണ്ണക്കാട് ഭാഗം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജീന ജോസഫ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ആപത്താണെന്ന് മനസ്സിലാക്കി ആംബുലൻസിനുള്ളിൽ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. രാവിലെ 10.10ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജീന ജോസഫിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ജീന ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് മുഹമ്മദ് നൗഷീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only