Jan 18, 2023

പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; വിറ്റത് 49 ഹോട്ടലുകളിൽ; രേഖകൾ കണ്ടെത്തി ;


കൊച്ചി: 500 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ സ്ഥാപനം 49 ഹോട്ടലുകൾക്ക് ഇറച്ചി വിതരണം ചെയ്തതായി കണ്ടെത്തൽ. ഇതുസംബന്ധിച്ച രേഖകൾ കണ്ടെത്തി. ഇറച്ചി പിടിച്ചെടുത്ത വാടക വീട്ടില്‍ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പട്ടിക നഗരസഭ തയ്യാറാക്കിയിട്ടുണ്ട്.

പൊലീസും കളമശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഇറച്ചി വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെത്തി. കളമശ്ശേരി, പാലാരിവട്ടം ഉള്‍പ്പെടെ ജില്ലയുടെ വിവിധ മേഖലകളില്‍ ഇവിടെ നിന്ന് ഇറച്ചി വിറ്റിട്ടുണ്ട്. ഇതില്‍ സുനാമി ഇറച്ചി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.
അതിനിടെ സ്ഥാപന ഉടമയായ ജുനൈസ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശ്ശേരി കൈപ്പടമുകളിലെ വാടക വീട്ടില്‍ നിന്ന് പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ച കോഴിയിറച്ചിയാണ് പിടികൂടിയത്. മലിന ജലം പുറത്തേക്ക് ഒഴുകുന്നെന്നും രൂക്ഷമായ ദുര്‍ഗന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only