കോട്ടയം: വീടിനു സമീപത്തെ മരങ്ങളിൽ അജ്ഞാത സ്ത്രീ എത്തി പെയിന്റ് അടിച്ച് കടന്നുകളഞ്ഞു. മോഷണത്തിനാകാം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുമരകത്താണ് സംഭവം. കുമരകം പഞ്ചായത്ത് രണ്ടാം വാർഡിൽ ആറ്റുചിറ കുമാരി ശശിയുടെ വീടിന്റെ പിന്നിലുള്ള മരങ്ങളിലാണ് മഞ്ഞയും ചുവപ്പും ചേർന്നുള്ള പെയിന്റ് അടിച്ചത്.
പ്രായമായ കുമാരി ശശിക്കാെപ്പം മകൾ ഇന്ദുലേഖയും കൊച്ചുമകൾ അനുഗ്രഹയും മാത്രമാണു വീട്ടിൽ താമസം. കഴിഞ്ഞ തിങ്കളാഴ്ച തലയിൽ തുണി കൊണ്ടു മൂടി മുഖം മാത്രം കാണാവുന്ന രീതിയിൽ എത്തിയ സ്ത്രീ പെയിന്റ് അടിക്കാൻ ശ്രമിക്കുന്നത് കൊച്ചുമകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഈ സമയം കൊച്ചുമകൾ അനുഗ്രഹ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിൽ എന്തോ ശബ്ദം കേട്ടാണു അനുഗ്രഹ എത്തുന്നത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന സ്ത്രീ ഓടി പോകുകയായിരുന്നു. ആദ്യം പെയിന്റടിച്ചപ്പോൾ മോഷണത്തിനു വേണ്ടി അടയാളപ്പെടുത്തിയത് ആകാമെന്നു കരുതി കുമാരി മരത്തിൽ നിന്ന് പെയിന്റ് നീക്കം ചെയ്തിരുന്നു
രണ്ടാഴ്ച മുൻപാണു ആദ്യം മരങ്ങളിൽ പെയിന്റ് അടിക്കുന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ പെയിന്റ് അടിച്ചത് ആരെന്ന് കണ്ടിരുന്നില്ല. രണ്ടാം തവണ പെയിന്റ് അടിക്കാൻ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന 10 വയസ്സുകാരി കണ്ടതോടെ സ്ത്രീ ഓടി രക്ഷപ്പെട്ടു.
മരത്തിൽ നിന്ന് ചീകിക്കളഞ്ഞ ഭാഗത്ത് തന്നെ വീണ്ടും പെയിന്റ് അടിക്കാൻ സ്ത്രീ എത്തിയതോടെ വീട്ടുകാർ കൂടുതൽ ഭയത്തിലായി. വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം സ്മിത സുനില്‍ സ്ഥലത്ത് എത്തി. തുടർന്നു കുമാരി പൊലീസിൽ പരാതി നല്‍കി. കുമാരിയുടെ വീടിനു സമീപത്തെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
Post a Comment