Jan 7, 2023

രക്ഷിതാക്കളുടെ അറിവോടെ കുട്ടികള്‍ക്ക് സ്കൂളില്‍ ഫോണ്‍ കൊണ്ടുപോകാം; ബാലാവകാശ കമ്മിഷന്റെ ഉത്തരവ്,


കോഴിക്കോട്: വിദ്യാര്‍ഥികള്‍ സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍.

കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ സ്കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത സംഭവത്തില്‍ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രത്യേക ആവശ്യങ്ങള്‍ക്കു രക്ഷിതാക്കളുടെ അറിവോടെ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥിക്കു തിരികെനല്‍കാനും ഉത്തരവായി.
കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍, ബി ബബിത, റെനി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. അതേസമയം കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. സ്കൂള്‍ സമയം കഴിയുന്നതുവരെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് സൂക്ഷിക്കാന്‍ സ്കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണമെന്നും ബഞ്ച് പറഞ്ഞു.
കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന രീതിയില്‍ ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയും വേണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only