പൂർണ സമ്മതമില്ലാതെ ഒരു പെൺകുട്ടിയെയും സ്ത്രീയെയും തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യം
ആണെന്ന് ഹൈക്കോടതി. ഈ പാഠം പകർന്നുനൽകേണ്ട സ്കൂളുകളിലും വീടുകളിലും വച്ചാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
പീഡന കേസിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിൻസിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഈ നിരീക്ഷണം. പ്രൈമറി ക്ലാസ് മുതൽ നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങൾ പാഠ്യക്രമത്തിന്റെ ഭാഗമാവണമെന്ന് കോടതി പറഞ്ഞു. നോ എന്നാൽ നോ എന്നു തന്നെയാണ് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. നിസ്വാർഥവും മാന്യവുമായി പെരുമാറാൻ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
സ്ത്രീകളെ ആദരിക്കുകയെന്നത് പഴയ ശീലമല്ല, എക്കാലത്തേക്കുമുള്ള നന്മയാണ് അത് . സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്. നോ എന്നാൽ നോ എന്നു തന്നെയാണെന്ന് ആൺകുട്ടികൾ മനസ്സിലാക്കിയേ തീരൂ. പുരുഷത്വം എന്ന സങ്കൽപ്പം ഇപ്പോൾ ഏറെ മാറിയിട്ടുണ്ട്, അത് ഇനിയും മാറേണ്ടതുണ്ട്, സെക്‌സിസം സ്വീകാര്യമായ ഒന്നല്ലെന്നും കോടതി പറഞ്ഞു.
ചെറുപ്പത്തിൽ ശീലിപ്പിച്ചെടുക്കേണ്ട ഒന്നാണ് മറ്റുള്ളവരെ ആദരിക്കുകയെന്നത് . സ്ത്രീയെ ആദരിക്കുമ്പോൾ ഒരാളുടെ കരുത്തു കൂടുകയാണ് ചെയ്യുന്നത്. ഒരാൾ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നുവെന്നതിൽനിന്ന് അയാളെ എങ്ങനെ വളർത്തിയെന്നും അയാളുടെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നും മനസ്സിലാവും. സ്ത്രീകളെ ഉപദ്രവിക്കുന്നതു പുരുഷത്വത്തിന്റെ ലക്ഷണമല്ല. മറിച്ച് ദുർബലനാണ് ഇത്തരം അതിക്രമങ്ങൾ നടത്തുന്നതെന്ന് അവർ മനസ്സിലാക്കണം. യഥാർഥ പുരുഷൻ സ്ത്രീകളെ ഉപദ്രവിക്കുന്നവൻ അല്ലെന്നു കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്- കോടതി അഭിപ്രായപ്പെട്ടു.
Post a Comment