ന്യൂഡൽഹി: യുണൈറ്റഡ് എയർലൈൻ വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ലാപ്ടോപ്പിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് നാല് യാത്രക്കാർക്ക് പരിക്ക് . സാൻഡിയാഗോ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടയുടനെയാണ് അപകടമുണ്ടായതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
രാവിലെ 7.30നാണ് വിമാനം പറന്നുയർന്നത്. ഉടനെ തന്നെ യാത്രക്കാരന്റെ ലാപ്ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വിമാനം വീണ്ടും സാൻഡിയാഗോ വിമാനത്താവളത്തിലിറക്കി. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. നിസാരമായ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.
വിമാനം പറന്നയുടൻ തന്നെ ഫസ്റ്റ് ക്ലാസ് കാബിനിൽ നിന്നും പുകയുയർന്നു. ഉടൻ തന്നെ ഒരാൾ ലാപ്ടോപ്പ് വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിഞ്ഞു. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി വിമാനത്തിലെ യാത്രക്കാരിലൊരാൾ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ലാപ്ടോപ്പ് പൊട്ടിത്തെറിച്ചതോടെ ചിലർ ഭയന്നുവിളിച്ചു. ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാർ തീയണച്ചുവെന്നും യാത്രക്കാർ പറഞ്ഞു. വിമാനത്തിൽ അപകടമുണ്ടായ ഉടൻ സമയോചിതമായി ഇടപ്പെട്ട ജീവനക്കാരെ യുണറ്റൈഡ് എയർലൈൻസ് അധികൃതർ അഭിനന്ദിച്ചു.
Post a Comment