അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണത്തിലെ കാലതാമസം പരിഹരിക്കണമെന്നും, ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ അവ്യക്തത നീക്കണം എന്നും ആവശ്യപ്പെട്ട് ജനകീയ കമ്മറ്റി രൂപീകരിച്ചു. 5 വർഷത്തോളമായി റോഡ് നിർമാണത്തിന്റെ പേരിൽ നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്യം നിഷേധിച്ചതിനെ യോഗം നിശിതമായി വിമർശിച്ചു.
റോഡ് നിർമാണത്തിൽ അലംഭാവം കാട്ടിയ മുൻ കരാർ കമ്പനിയായ നാഥ് കൺസ്ട്രക്ഷനെ നിർമാണ കരാറിൽ നിന്നും നീക്കിയ ശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി റോഡ് നിർമാണം ഏറ്റെടുത്തിരുന്നു. എന്നാൽ ജലജീവൻ മിഷൻ പദ്ധതിയുടെ പേരിൽ സൊസൈറ്റി ഉപരിതലം നിരപ്പാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ നിർത്തി വയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജലജീവൻ പദ്ധതിയുടെ പൈപ്പിടൽ മൂലം നിലവിൽ ടാറിംഗ് നിർവഹിച്ച പ്രദേശങ്ങൾ ഉൾപ്പെടെ വീണ്ടും പൊളിക്കുന്ന സാഹചര്യം, ഭരണനിർവഹണ സംവിധാനത്തിന്റെയും ഉദ്യോഗസ്ഥരുടെയും പിഴവാണെന്ന് യോഗം വിലയിരുത്തി.
നിലവിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിലെല്ലാം പൈപ്പിടലിന്റെ പ്രവർത്തനങ്ങൾ അനന്തമായി നീട്ടിക്കൊണ്ട് പോകാതെ താൽക്കാലികമായെങ്കിലും യാത്രാ യോഗ്യമാക്കി തീർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതി ജനപ്രതിനിധികളേയും, നിർമ്മാണ കമ്പനിയേയും നേരിൽ കണ്ട് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും, പേരിൽ നിജസ്ഥിതി മനസിലാക്കാൻ യോഗം കമ്മറ്റിയെ ചുമതലപ്പെടുത്തി.
ജനകീയ കമ്മറ്റി പ്രവർത്തനങ്ങൾക്കായി 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. ലിബിൻ ബേബി ചെയർമാനായും, ജലീൽ പാലയിൽ കൺവീനറായും, സിദ്ധീഖ് കാഞ്ഞിരാമൻ ട്രഷററായും, രാജൻ കുന്നുമ്മൽ വൈസ് ചെയർമാനായും, ഷാജി വർഗ്ഗീസ് ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു. രാജൻ കുന്നമ്മൽ അധ്യക്ഷനായ യോഗത്തിൽ റിയാസ് പുതുപ്പറമ്പിൽ സ്വാഗതം പറഞ്ഞു. ലിബിൻ ബേബി വിശദീകരണം നടത്തി.
Post a Comment