പന്തളം: പന്തളത്ത് യുവതിയെ മരക്കഷണംകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയാണ് മരണകാരണം സ്ഥിരീകരിച്ചത്.
പുന്തല തുളസീഭവനത്തിൽ സജിത(40)യാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ പോലീസ് തിരയുന്നു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സജിതയെ പൂഴിക്കാട്ടുള്ള വാടകവീട്ടിൽ തലയ്ക്ക് അടിയേറ്റനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു.
തലയ്ക്ക് ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. അടിക്കാൻ ഉപയോഗിച്ചിരുന്ന മരക്കഷണം സംഭവസ്ഥലത്തുനിന്നും കണ്ടെത്തി.
പന്തളം പൂഴിക്കാട്ട് തച്ചിരേത്ത് ലക്ഷ്മിനിലയത്തിൽ മൂന്നുവർഷമായി വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഷൈജുവും സജിതയും. നാട്ടുകാരുമായി വലിയ ബന്ധം ഇല്ലായിരുന്നു. വെള്ളിയാഴ്ച രാത്രി ഷൈജു, സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു. അവർ എത്തിയപ്പോഴേക്കും ഇയാൾ മുങ്ങി.
തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സജിതയെ പോലീസാണ് ആശുപത്രിയിലാക്കിയത്. സജിത വിവാഹിതയാണ്.
ഭർത്താവുമായി അകന്ന് കഴിയുകയുമായിരുന്നു.
തിരുവല്ലയിൽ ഒരു കടയിലെ ജീവനക്കാരിയായിരുന്ന സജിത ഫെയ്‌സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്. തുടർന്ന് ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു.
സംഭവത്തിനുശേഷം മൊബൈൽ ഫോൺ ഓഫ് ആക്കിയാണ് ഷൈജു മുങ്ങിയത്.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, അടൂർ ഡിവൈ.എസ്.പി. ആർ.ബിനു, പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, വിരലടയാളവിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.
Post a Comment