Mar 20, 2023

മുക്കം നഗരസഭ 73 കോടി രൂപയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു.


മുക്കം :
         മുക്കം നഗരസഭ 2023 - 24 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 72,72, 04,972 രൂപ വരവും 70,35, 34, 834 രൂപ ചെലവും 2,36,70,138 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി കൗൺസിലിൽ അവതരിപ്പിച്ചത്. നഗരസഭാ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു.
       നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ബജറ്റ് അവതരണം. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന നഗരസഭാ ആപ്പീസിന് പുതിയ കെട്ടിടം, ലൈഫ് PMAY ഭവന നിർമ്മാണത്തിന് 57.2 ലക്ഷംരൂപയും, പട്ടികജാതി വിഭാഗങ്ങൾക്ക് ഭവന നിർമ്മാണത്തിന് 38.4 ലക്ഷം രൂപയും , നഗരസഭയുടെ ഭാവിവികസനത്തിന് ഭൂമിയെടുക്കൽ, കാട്ടുപന്നി ശല്യത്തിൽ നിന്ന് കർഷകർക്ക് രക്ഷനൽകുന്നതിന് സൗരോർജ വേലി സ്ഥാപിക്കൽ, മുക്കം പോളി ടെക്നിക് കോളേജ് അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കൽ മുക്കത്ത് ഒരു വാതക ശ്മശാനം സ്ഥാപിക്കൽ എന്നിവയ്ക്ക് ബജറ്റ് ഊന്നൽ നൽകുന്നു. ആപ്പീസു സമുച്ചയത്തിന് ഒരു കോടി വകയിരുത്തി. ഒപ്പം ടൂറിസം മേഖലയ്ക്കും കാര്യമായ ഊന്നൽ നൽകിയിട്ടുണ്ട്. ഇരുവഴിഞ്ഞി ടൂറിസം പ്രോജക്ടിന് ബഹു വാർഷികമായി 75 ലക്ഷം രൂ വകയിരുത്തി. കാർഷികമേഖലയ്ക്ക് 48 ലക്ഷം രൂപയും ക്ഷീര മൃഗസംരക്ഷണ മേഖലയിൽ 33 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. അങ്കണവാടി അനുപൂരക പോഷകാഹാരപദ്ധതിക്ക് 55 ലക്ഷം രൂപയും വയോമിത്രം പദ്ധതിക്ക് 15 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാർഥികൾക്കു സ്കോളർഷിപ്പ്, പഠനോപകരണങ്ങൾ, കലാ-കായിക മത്സരങ്ങളിൽ പങ്കെടക്കുന്നതിന് പ്രത്യേക പ്രോത്സാഹനം, തുടങ്ങി പട്ടികജാതി മേഖലയിൽ 2, 30, 24000 യുടെ പദ്ധതികൾ, വൃക്കരോഗികൾക്കു ഡയാലിസിസിനു സഹായം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു പ്രത്യേക ഘടക പദ്ധതിയിൽ 26 ലക്ഷം രൂപയും നഗരസഭാ ഓഫീസ് ഡിജിറ്റലൈസ് ചെയ്യുന്നതിന് 20 ലക്ഷം രൂപയും നഗരസഭയുടെ മൊത്തം ആസ്തി സ്ഥിതിവിവരക്കണക്കു ശേഖരണ -- ദൃഷ്ടി - തുടർപദ്ധതിക്കായി 35 ലക്ഷം രൂപയും വകയിരുത്തി.
 പാർപ്പിട മേഖലയ്ക്ക് മൊത്തം 1 കോടി 25 ലക്ഷം രൂപയും ശുചിത്വ മാലിന്യനിർമാർജനത്തിന് 42 ലക്ഷം രൂപയും MR F ,M CF എന്നിവ സ്ഥാപിക്കുന്നതിനും ബെയ്ലിംഗ് മെഷിൻ സ്ഥാപിക്കുന്നതിനുമായി 50 ലക്ഷം രൂപയും വകയിരുരുത്തിയിട്ടുണ്ട്. 
    വിദ്യാഭ്യാസമേഖലയിൽ ഉയരെ 'സമഗ്ര വിദ്യാഭ്യാസപദ്ധതി നടപ്പാക്കും. പെൺകുട്ടികൾക്കു പുറമേ ഈ വർഷം വനിതകൾക്കും ആർച്ച പദ്ധതി നടപ്പാക്കും. മുക്കം പ്രീമിയർ ലീഗ് , മുക്കം ഫിലിം ഫെസ്റ്റിവൽ, മുക്കം വനിതാ ഫുട് ബോൾ ലീഗ് , കുട്ടികൾക്കു അവധിക്കാലത്തു കായിക പരിശീലനം, സ്റ്റാമിന പദ്ധതി, എന്നിവയും നടപ്പാക്കും.
  ഭിന്ന ശേഷിക്കാർക്കായി പ്രത്യേക തൊഴിൽ പരിശീലനം, ഭിന്നശേഷി കലോൽസവം, (വർണോത്സവം) അങ്കണവാടി കലോത്സവം ( ശലഭോത്സവം) , വയോജന സംഗമം, ഭിന്നശേഷി ഉല്ലാസ യാത്ര എന്നിവയും സംഘടിപ്പിക്കാൻ പദ്ധതികളുണ്ട്.
 കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണത്തിന് ഒരു കോടി 2 ലക്ഷം രൂപയും പുതിയ റോഡുകളുടെ ടാറിംഗ് പ്രവൃത്തിക്ക് 1 കോടി 44 ലക്ഷം രൂപയും റോഡു റിപ്പയറിംഗിന് 5 കോടി 21 ലക്ഷം രൂപയും ഘടക സ്ഥാപനങ്ങൾക്കായി 1 കോടി 51 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
   ആനന്ദകരമായ വിവാഹ ജീവിതം നയിക്കാൻ യുവാക്കളെ പ്രാപ്തരാക്കാൻ വിവാഹപൂർവ കൗൺസലിംഗ് കേന്ദ്രം ആരംഭിക്കുന്നതിന് 1 ലക്ഷവും
വർധിച്ചുരുന്ന ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നഗരസഭാതലത്തിൽ കൗൺസലിംഗ് സെന്റർ സ്ഥാപിക്കാനും കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കാനും 2 ലക്ഷം രൂപയും
ലഹരിക്കടിമപ്പെടുന്നവരെ അതിൽ നിന്നു മോചിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഡി-അഡിക്ഷൻ സെന്റർ സ്ഥാപിക്കാൻ ആവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട്. മുക്കം നഗരത്തിന്റെ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് മുക്കം പഴയ വെൻറു പൈപ്പു പാലത്തിനു സമീപം സായന്തനങ്ങളെ വയോജനങ്ങൾക്കു കൂടി ലഘുവ്യായാമ സൗകര്യങ്ങൾ പ്പെടുത്തി ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുo. 
സർവതലപ്പർശിയായ ഒരു ബജറ്റാണിത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only