Mar 20, 2023

ശ്രീനഗറിൽ ലുലു ഹൈപ്പർ മാർക്കറ്റ്; ലക്ഷം ചതുരശ്രയടി വിസ്തീർണം‌


ശ്രീനഗർ : മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നു. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി. ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന 'മാൾ ഓഫ് ശ്രീനഗറി'ന്റെ തറക്കല്ലിടൽ ചടങ്ങിൽ വച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫിസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.


ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹയാണ് 250 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിട്ടത്. 10 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ ഉദ്ദേശിക്കുന്നത്. ഇവിടെ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കുക. കശ്മീരിൽ നിന്നുള്ള 1,500 ഓളം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് രജിത് രാധാകൃഷ്ണൻ പറഞ്ഞു. 


ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപമാണു നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ ദുബായിൽ വച്ച് ജമ്മു കശ്മീർ സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പുവച്ച ധാരണയുടെയും തുടർചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കശ്മീരിൽ നിക്ഷേപം നടത്തുന്നത്. നിലവിൽ കശ്മീരിൽനിന്ന് കുങ്കുമപ്പൂവ്, ആപ്പിൾ, ബദാം, വാൾനട്ട് തുടങ്ങിയവ വിവിധ ഹൈപ്പർ മാർക്കറ്റുകളിലേക്ക് ലുലു കയറ്റി അയയ്‌ക്കുന്നുണ്ട്.

ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ്, ജമ്മു കശ്മീർ ഗവൺമെന്റ് ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only