Mar 27, 2023

വിചാരണ പൂർത്തിയായെങ്കിൽ മഅദനിയെ കേരളത്തിലേക്കു പോകാൻ അനുവദിച്ചുകൂടേ? സുപ്രീംകോടതി


ന്യൂഡൽഹി ∙ വിചാരണ പൂർത്തിയായെങ്കിൽ ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കേരളത്തിലേക്കു പോകാൻ അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി. ബെംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണയിൽ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ, അബ്ദുൽ നാസർ മഅദനി ബെംഗളൂരുവിൽത്തന്നെ തുടരേണ്ടതുണ്ടോ എന്ന് വാദമധ്യേ ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി.

വിചാരണാ നടപടികൾ പൂർത്തിയാകുകയും ജാമ്യവ്യവസ്ഥകൾ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കേരളത്തിലേക്കു പോകാൻ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സൂചന നൽകി. അതേസമയം, മറുപടി നൽകാൻ സമയം വേണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, മഅദനിയുടെ ഹർജി ഇനി ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി.

ജാമ്യവ്യവസ്ഥയിൽ ഇളവു തേടിയാണ് മഅദനി വീണ്ടും സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. ആരോഗ്യനില വഷളായെന്നും ഓർമക്കുറവും കാഴ്ചപ്രശ്നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്കു പോകാനും അവിടെ തങ്ങാനും അനുവദിക്കണമെന്നുമാണ് അപേക്ഷയിലുള്ളത്. വിചാരണ നടപടി ഇഴയുകയാണെന്നും അഭിഭാഷകൻ അറിയിച്ചു. 2021ൽ മഅദനി നൽകിയ സമാന ആവശ്യം കോടതി തള്ളിയിരുന്നു. വിചാരണ പൂർത്തിയായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്.

മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ യാതൊരു ഇളവും പാടില്ലെന്നാണ് കർണാടക സർക്കാർ ആദ്യം മുതലേ സുപ്രീം കോടതിയിൽ സ്വീകരിക്കുന്ന നിലപാട്. ജാമ്യ വ്യവസ്ഥ ഇളവു ചെയ്ത് മഅദനിയെ കേരളത്തിൽ പോകാൻ അനുവദിച്ചാൽ ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only