Apr 4, 2023

അട്ടപ്പാടി മധു കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, രണ്ടു പേരെ വിട്ടയച്ചു, ശിക്ഷ വിധി നാളെ


പാലക്കാട്:അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി.രണ്ടു പേരെ വെറുതെവിട്ടു. ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്.


ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. മനപ്പൂര്‍മല്ലാത്ത നരഹത്യാക്കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 
ഇവരുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ഐപിസി 304 വകുപ്പു പ്രകാരം പരമാവധി പത്തു വര്‍ഷം തടവാണ് ശിക്ഷ.

നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം എന്നിവരെ കോടതി വെറുതെവിട്ടു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെന്നായിരുന്നു അനീഷിന് എതിരായ കുറ്റം. മധുവിനെ കള്ളന്‍ എന്നു വിളിച്ച്‌ ആക്ഷേപിച്ചെന്നാണ് അബ്ദുല്‍ കരീമിന് എതിരായ കുറ്റം.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റമാരോപിച്ച്‌ ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പേരായിരുന്നു പ്രതികള്‍,

പതിനൊന്നു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസില്‍ വിധി വന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 പേരായിരുന്നു സാക്ഷികള്‍. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച്‌ പത്തിനാണ് കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായത്. വിധി പ്രസ്താവത്തോട് അനുബന്ധിച്ച്‌ കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only