പാറശ്ശാല: സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും പിടിയിലായി.
കാമുകൻ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം (23), ഇയാൾക്ക് സഹായങ്ങൾചെയ്തു നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ് (23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ (29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ (21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി (25) എന്നിവരെയാണ് പാറശ്ശാല പോലീസ് കാലടിയിൽനിന്നു പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ പാറശ്ശാലയിലെത്തി കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.
അടുത്തദിവസം മുതൽ അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടി പീഡനത്തിനിരയായ സംഭവം വീട്ടിൽ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി.
പാറശ്ശാല എസ്.എച്ച്.ഒ. ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സജി എസ്.എസ്, എ.എസ്.ഐ. മിനി, എസ്.സി.പി.ഒ. സാബു, സി.പി.ഒ. സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ എറണാകുളത്തുനിന്നു പിടികൂടിയത്.
Post a Comment